ask expertഒന്നാംവര്‍ഷ കംപ്യൂട്ടര്‍ ബിരുദവിദ്യാര്‍ഥിയാണ്. ഇതിനുശേഷം സൈബര്‍ സെക്യൂരിറ്റി എന്‍ജിനിയറിങ് കോഴ്‌സ് ചെയ്യണമെന്നുണ്ട്. കേരളത്തില്‍ ഈ കോഴ്‌സുള്ള സ്ഥാപനങ്ങള്‍ ഉണ്ടോ? എങ്കില്‍ ബിരുദത്തിന് എത്രശതമാനം മാര്‍ക്ക് ആവശ്യമാണ് ? -പി. അശ്വിന്‍, കണ്ണൂര്‍

നിങ്ങള്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബി.എസ്സി., ബി.ടെക്. ഏത് കോഴ്‌സാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി.ഡാക്)ന്റെ അക്കാദമിക് യൂണിറ്റ് ആയ തിരുവനന്തപുരത്തെ ഇ.ആര്‍. ആന്‍ഡ് ഡി.സി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സൈബര്‍ ഫൊറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എം.ടെക്. നടത്തുന്നുണ്ട് (www.cdac.in).

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കല്ലൂപ്പാറ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍, സൈബര്‍ ഫൊറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സ്‌പെഷ്യലൈസേഷനോടെയുള്ള കംപ്യൂട്ടര്‍ സയന്‍സ് എം.ടെക്. പ്രോഗ്രാം ഉണ്ട് (www.cek.ac.in).

ഈ രണ്ടു സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലൊന്നിലെ ബി.ടെക്. ബിരുദം വേണം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് -കേരള (ടെക്നോപാര്‍ക്ക്, കഴക്കൂട്ടം), സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലൈസേഷനോടെയുള്ള കംപ്യൂട്ടര്‍ സയന്‍സിലെ എം.എസ്സി. പ്രോഗ്രാം നടത്തുന്നുണ്ട്. മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും ബ്രാഞ്ചില്‍/വിഷയത്തില്‍, എന്‍ജിനിയറിങ്/ടെക്‌നോളജി/സയന്‍സ് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം (www.iiitmk.ac.in).

കേരളത്തിലെ ചില സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് സ്ഥാപനങ്ങളിലും ഈ മേഖലയില്‍ കോഴ്സുകള്‍ ലഭ്യമാണ്.

ആസ്‌ക് എക്സ്പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert

Content Highlights: Institutes Providing Cyber Security Engineering Course in Kerala