ask expertപ്ലസ്‌ടു സയൻസ് പഠിക്കുന്നു. ബി.ടെക്. കെമിക്കൽ എൻജിനിയറിങ് പഠിക്കണമെന്നാണ് ആഗ്രഹം. കേരളത്തിൽ മികച്ച സ്ഥാപനങ്ങൾ ഏതൊക്കെയാണ്? പ്രവേശനം എങ്ങനെ?- അഖില, കോഴിക്കോട്

കേരളത്തിൽ ബി.ടെക്‌. കെമിക്കൽ എൻജിനിയറിങ് പ്രോഗ്രാമുള്ള ഗവൺമെന്റ്/എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ: ഗവ. എൻജിനിയറിങ് കോളേജ് കോഴിക്കോട്, ഗവ. എൻജിനിയറിങ് കോളേജ് തൃശ്ശൂർ, ടി.കെ.എം. കോളേജ് ഓഫ് എൻജിനിയറിങ് കൊല്ലം (എയ്ഡഡ്).

സ്വാശ്രയവിഭാഗത്തിൽ നാലുകോളേജുകളിൽ ഈ പ്രോഗ്രാമുണ്ട് -അമൽജ്യോതി കോളേജ്‌ ഓഫ് എൻജിനിയറിങ് (കാഞ്ഞിരപ്പള്ളി), കൊച്ചിൻ കോളേജ്‌ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി (വളാഞ്ചേരി), സെയ്‌ന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിങ് (കോട്ടയം), ടോംസ് കോളേജ് ഓഫ് എൻജിനിയറിങ് ഫോർ സ്റ്റാർട്ടപ്‌സ് (കോട്ടയം).

കേരളപ്രവേശനപരീക്ഷാകമ്മിഷണർ നടത്തുന്ന കീം എൻജിനിയറിങ് പ്രവേശനപരീക്ഷ, പ്ലസ്‌ടുതല പരീക്ഷയ്ക്ക് രണ്ടാംവർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ സമീകരിച്ച മാർക്ക് (പ്രോസ്പക്ടസ് വ്യവസ്ഥപ്രകാരം) എന്നിവയ്ക്ക് തുല്യപരിഗണന നൽകി തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽനടത്തുന്ന സെൻട്രലൈസ്ഡ് അലോട്ട്‌മെന്റ് പ്രോസസ് വഴിയാണ് കമ്മിഷണറുടെ സീറ്റ് അലോട്ട്‌മെന്റ്. ഇതുവഴിയാണ് സർക്കാർ/എയ്ഡഡ് വിഭാഗത്തിലെ ഏതാണ്ട് മുഴുവൻസീറ്റും സ്വകാര്യ സ്വാശ്രയകോളേജിലെ 50 ശതമാനം ഗവ. സീറ്റും നികത്തുന്നത്. വിവരങ്ങൾക്ക്: https://cee.kerala.gov.in, http://cee-kerala.org

ഇതുകൂടാതെ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (എൻ.ഐ.ടി.) കെമിക്കൽ എൻജിനിയറിങ് ബി.ടെക്. പ്രോഗ്രാമുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ റാങ്ക് പരിഗണിച്ചാണ് പ്രവേശനം. ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) സീറ്റ് അലോട്ട്‌മെന്റ് നടത്തുന്നു. വിവരങ്ങൾക്ക്: https://jeemain.nta.nic.in, https://josaa.nic.in.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: Institutes Providing BTech Chemical Engineering Course in Kerala