പ്ലസ്ടുവിന് പഠിക്കുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ചേരാനാണ് ആഗ്രഹം. അതിന് ബി.എസ്സി. ഫോറസ്ട്രിക്ക് പഠിക്കുന്നത് നല്ലതാണോ. ഫോറസ്റ്റ് സർവീസ് പരീക്ഷാഘടന പറയാമോ? -ഗോകുൽ, പാലക്കാട്

ബി.എസ്സി. ഫോറസ്ട്രിക്കാർക്ക് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ കോഴ്സിൽ താത്‌പര്യമുണ്ടെങ്കിൽ ആലോചിക്കുക. കേരള കാർഷികസർവകലാശാലയുടെ വെള്ളാനിക്കര കാമ്പസിൽ പ്രോഗ്രാമുണ്ട്. സർവകലാശാലാ വെബ്സൈറ്റിൽനിന്ന് (www.kau.in) സിലബസ് മനസ്സിലാക്കാം.

നീറ്റ് എഴുതി കേരള പ്രവേശനപരീക്ഷാകമ്മിഷണറുടെ അലോട്ട്മെന്റ് വഴിയും ഐ.സി.എ. ആർ. യു.ജി പ്രവേശനപരീക്ഷയെഴുതി അഖിലേന്ത്യ ക്വാട്ട അലോട്ട്മെന്റുവഴിയും പ്രവേശനം നേടാം. ഐ.സി.എ.ആർ. അലോട്ട്മെന്റുവഴി കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളിലേക്കും പ്രവേശനത്തിനു ശ്രമിക്കാം.

ഫോറസ്റ്റ് സർവീസിനപ്പുറത്തേക്കുള്ള ഭാവിപദ്ധതികളും (രണ്ടാമതൊരു ഓപ്ഷൻ എന്ന നിലയിൽ) തീരുമാനമെടുക്കുന്ന ഘട്ടത്തിൽ പരിഗണിക്കുന്നതു നന്നായിരിക്കും.

എന്നാൽ, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ബി.എസ്സി. ഫോറസ്ട്രി തന്നെ പഠിക്കണമെന്നില്ല. ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയിലൊരു വിഷയത്തോടുകൂടിയ ബാച്ചിലർ ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചർ ബാച്ചിലർ ബിരുദം, അല്ലെങ്കിൽ എൻജിനിയറിങ്ങിലെ ബാച്ചിലർ ബിരുദം ഉള്ളവർക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

രണ്ടുഘട്ടമായാണ് പരീക്ഷ. ആദ്യഘട്ടം (ഒബ്ജക്ടീവ് ടൈപ്പ്) സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷതന്നെയാണ്. രണ്ടുപേപ്പർ ഉണ്ടാകും. യോഗ്യത നേടുന്നവർക്കായി നടത്തുന്ന രണ്ടാംഘട്ട പരീക്ഷയ്ക്ക് ആറുപേപ്പർ (എഴുത്തു പരീക്ഷ) ഉണ്ട്. ജനറൽ ഇംഗ്ലീഷ്, ജനറൽ നോളജ്, 14 ഓപ്ഷണൽ വിഷയങ്ങളിൽനിന്ന് തിരഞ്ഞെടുക്കാവുന്ന രണ്ട് ഓപ്ഷണലുകളിലെ രണ്ടുവീതം പേപ്പറുകൾ എന്നിവ. തുടർന്ന് പേഴ്സണാലിറ്റി ടെസ്റ്റിനുവേണ്ടി ഇന്റർവ്യൂ.

വിശദാംശങ്ങൾക്ക് www.upsc.gov.in ലെ ഈ പരീക്ഷകളുടെ വിജ്ഞാപനങ്ങൾ പരിശോധിക്കുക.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com /education/help-desk /ask-expert)

Content Highlights: Indian Forest services application and qualification details, ask expert