എനിക്ക് എന്‍.ഐ.ടി.(നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)യിലും ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)യിലും ആര്‍ക്കിടെക്ചര്‍ ബിരുദപ്രോഗ്രാമില്‍ പ്രവേശനത്തിന് താത്പര്യമുണ്ട്. ഞാന്‍ ജെ.ഇ.ഇ. (ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) മെയിന്‍, ബി.ആര്‍ക്ക് പേപ്പര്‍ അഭിമുഖീകരിച്ചാല്‍ മതിയോ? -കല്യാണി, പാലക്കാട്
എന്‍.ഐ.ടി-ബി.ആര്‍ക്ക് പ്രവേശനത്തില്‍മാത്രം താത്പര്യമുള്ളവര്‍ ജെ.ഇ.ഇ. മെയിന്‍, ബി.ആര്‍ക്ക് പേപ്പര്‍ മാത്രം അഭിമുഖീകരിച്ചാല്‍മതി. എന്നാല്‍, ഐ.ഐ.ടി.-ബി.ആര്‍ക്ക് പ്രവേശനത്തിന് ജെ.ഇ.ഇ. മെയിന്‍ ബി.ആര്‍ക്ക് പേപ്പറിലെ റാങ്ക് പരിഗണിക്കുകയില്ല.
ഐ.ഐ.ടി. ബി.ആര്‍ക്ക് പ്രവേശനത്തില്‍ താത്പര്യമുണ്ടെങ്കില്‍ ആദ്യം ജെ.ഇ.ഇ. മെയിന്‍ ബി.ടെക്./ബി.ഇ. പേപ്പര്‍ അഭിമുഖീകരിക്കണം. അതില്‍ വിവിധ വിഭാഗങ്ങളില്‍നിന്നുമായി മുന്നിലെത്തുന്ന 2.45 ലക്ഷം പേര്‍ക്ക് (2019-ലെ നില), ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ യോഗ്യത കിട്ടും. യോഗ്യത നേടുന്നപക്ഷം ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് യഥാസമയം അപേക്ഷിക്കണം.
അതില്‍ രണ്ടുപേപ്പറിലുംകൂടി ഓരോ വിഷയത്തിലും (രണ്ടുപേപ്പര്‍, രണ്ടിലും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍നിന്നും ചോദ്യങ്ങള്‍), മൊത്തത്തിലും കാറ്റഗറി അനുസരിച്ച് നിശ്ചിത മാര്‍ക്കുവാങ്ങി റാങ്ക് പട്ടികയില്‍ ഇടംനേടണം.
യോഗ്യത നേടുന്നവര്‍ക്കായി തുടര്‍ന്നുനടത്തുന്ന ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്ത് അത് അഭിമുഖീകരിച്ച് യോഗ്യത നേടണം. ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയ്ക്ക് റാങ്ക് ഒന്നും ഉണ്ടാകില്ല. ഐ.ഐ.ടി. ബി.ആര്‍ക്ക് പ്രവേശനം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചാണ്.
അതിനാല്‍ എന്‍.ഐ.ടി.യിലും ഐ.ഐ.ടി.യിലും ബി.ആര്‍ക്ക് പ്രവേശനത്തില്‍ താത്പര്യമുണ്ടെങ്കില്‍ ജെ.ഇ.ഇ. മെയിന്‍ ബി.ഇ./ബി.ടെക്. പേപ്പറും ബി.ആര്‍ക്ക് പേപ്പറും അഭിമുഖീകരിക്കണം.
ആസ്‌ക് എക്സ്പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert