ഐസർ ബി.എസ്.-എം.എസ്. ഡ്യുവൽ ഡിഗ്രി പ്രവേശനം എങ്ങനെയാണ്. പ്രവേശനപരീക്ഷയുണ്ടോ?-അനിത, പത്തനംതിട്ട

ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) തിരുവനന്തപുരം ഉൾപ്പെടെ ഏഴു കേന്ദ്രങ്ങളിൽ നടത്തുന്ന അഞ്ചുവർഷത്തെ ബി.എസ്.-എം.എസ്. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേക്ക് മൂന്നുചാനലുകൾ വഴി പ്രവേശനമുണ്ട്. (1) കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.), (2) ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.), അഡ്വാൻസ്ഡ് (3) സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ് ചാനൽ (എസ്.സി.ബി). കെ.വി.പി.വൈ. ഫെലോഷിപ്പ് ലഭിച്ചവരെയാണ് ആദ്യ ചാനലിൽ പരിഗണിക്കുന്നത്. രണ്ടിൽ ജെ.ഇ.ഇ. അഡ്വാൻസ്ഡിൽ 10,000 റാങ്കിനകം (ജനറൽ/കാറ്റഗറി) വന്നവരെ പരിഗണിക്കും. ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐ.എ.ടി.) വഴിയാണ് മൂന്നാം ചാനൽ പ്രവേശനം.

2020-ലോ 2021-ലോ സയൻസ് സ്ട്രീമിൽ പഠിച്ച് പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചവർക്ക് 2021-ലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഏതുബോർഡിൽ നിന്നായാലും പ്ലസ്ടു തലത്തിൽ 60 ശതമാനം മാർക്ക്/തുല്യ ഗ്രേഡ് വാങ്ങിയിരിക്കണം. പട്ടികജാതി/വർഗ/ഒ.ബി.സി. വിഭാഗക്കാർക്ക് 55 ശതമാനം/തുല്യ ഗ്രേഡ് മതി. ബോർഡ് പരീക്ഷാഫലം വന്നിട്ടില്ലാത്തവർക്കും ഐ.എ.ടി. അഭിമുഖീകരിക്കാൻ അനുമതി നൽകും. ഐ.എ.ടി. ഓഗസ്റ്റ് മധ്യത്തിനുശേഷമായിരിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

കെ.വി.പി.വൈ, എസ്.സി.ബി. (ഐ.എ.ടി. വഴി) ചാനലുകൾ വഴിയുള്ള പ്രവേശനത്തിനുള്ള അപേക്ഷാ പോർട്ടൽ ജൂൺ ആദ്യവാരം തുറക്കുമെന്ന് വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ തുറന്നിട്ടില്ല. ജെ.ഇ.ഇ. അഡ്വാൻസ്ഡ് ചാനൽ വഴി പ്രവേശനത്തിനുള്ള അപേക്ഷാ സൗകര്യം ജെ.ഇ.ഇ. അഡ്വാൻസ്ഡ് ഫലപ്രഖ്യാപനത്തിനുശേഷമേ ലഭിക്കൂ. ജെ.ഇ.ഇ. മെയിൻ ഏപ്രിൽ/മേയ് പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്. അത് പൂർത്തിയാക്കി ജെ.ഇ.ഇ. മെയിൻ റാങ്ക് പട്ടിക വരുമ്പോൾ മാത്രമേ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത നേടുന്നവരെ കണ്ടെത്തുകയുള്ളൂ. അതിനുശേഷമേ ജെ.ഇ.ഇ. അഡ്വാൻസ്ഡ് നടക്കുകയുള്ളൂ.

പുതിയ വിവരങ്ങൾ അറിയാൻ ഐസർ പ്രവേശനത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ചുകൊണ്ടിരിക്കുക. വെബ്സൈറ്റ്: www.iiseradmission.in.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: IISER Dual degree admission criteria, Ask Expert