പന്ത്രണ്ടാംക്ലാസില്‍ പഠിക്കുന്നു. തുടര്‍പഠനം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വേണമെന്നുണ്ട്. പ്രവേശന പരീക്ഷയുണ്ടോ? ഏതൊക്കെ വിഷയങ്ങള്‍ പഠിക്കാനാണ് അവസരമുള്ളത്? -ആതിര കൃഷ്ണന്‍, കോട്ടയം
പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ബാംഗ്‌ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐ.ഐ.എസ്.സി) നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്) പ്രോഗ്രാം ഉണ്ട്. മുഖ്യവിഷയങ്ങള്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, മെറ്റീരിയല്‍സ്, എര്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റ് സയന്‍സ് എന്നിവയാണ്. പ്രവേശനത്തിനായി സ്ഥാപനം പ്രത്യേക പ്രവേശനപ്പരീക്ഷ നടത്തുന്നില്ല. എന്നാല്‍ മറ്റുചില പ്രവേശനപ്പരീക്ഷകള്‍ അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷിക്കാം.
നാലുചാനലുകള്‍ വഴി ഇവിടെ പ്രവേശനത്തിന് ശ്രമിക്കാം.
• കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ). നിശ്ചിത സ്‌കിമില്‍ ഫെലോഷിപ്പ് ഉണ്ടായിരിക്കണം (http://kvpy.iisc.ernet.in).
• ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ (https://jeemain.nta.nic.in).
• ജെ.ഇ.ഇ. (അഡ്വാന്‍സ്ഡ്) (https://jeeadv.ac.in.)
• നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) (https://ntaneet.nic.in).
അവസാന മൂന്നുചാനലുകളില്‍ പ്രവേശനവര്‍ഷം നടത്തുന്ന പരീക്ഷകളില്‍ ഒന്നില്‍ നിശ്ചിത ശതമാനം മാര്‍ക്കുവാങ്ങിയാല്‍ അപേക്ഷിക്കാന്‍ അര്‍ഹത കിട്ടും. അത് ഇപ്രകാരമാണ്: ജനറല്‍ -60 ശതമാനം, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് - 54 ശതമാനം, പട്ടികജാതി/വര്‍ഗ/ഭിന്നശേഷി വിഭാഗം-30 ശതമാനം
ഫെലോഷിപ്പ്/പരീക്ഷ എന്നിവയെപ്പറ്റി അറിയാന്‍ അവയുടെ വെബ്‌സൈറ്റ് കാണണം. പ്ലസ്ടു പരീക്ഷാ യോഗ്യതാ വ്യവസ്ഥയുമുണ്ട്. 60 ശതമാനം മാര്‍ക്കോടെ (പട്ടികവിഭാഗക്കാര്‍ക്ക് പാസ് ക്ലാസ്) പ്ലസ്ടുതല പരീക്ഷ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് ജയിച്ചിരിക്കണം.
ഐ.ഐ.എസ്.സി. അഡ്മിഷന്‍ പ്രക്രിയ മനസ്സിലാക്കാന്‍ https://ug.iisc.ac.in കാണണം.
(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert )
Content Highlights: IISc Admission Criteria for Courses after 12th