ബി.എസ്സി. മാത്തമാറ്റിക്സ് വിദ്യാർഥിയാണ്. ഉപരിപഠനത്തിന് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്നാണ് ആഗ്രഹം. പ്രവേശനം ലഭിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കുമോ? ഫീസ് അടയ്ക്കേണ്ടതുണ്ടോ?

-തേജസ്വി, കോഴിക്കോട്

ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്സി. മാത്തമാറ്റിക്സിന് പ്രവേശനം ലഭിക്കുന്നവർക്ക് സെമസ്റ്റർ ട്യൂഷൻഫീസ് ഒരുലക്ഷം രൂപയാണ് (നാലുസെമസ്റ്ററാണ് കോഴ്സ് ദൈർഘ്യം). ട്യൂഷൻഫീസിൽ പൂർണ ഇളവുലഭിക്കുന്ന ഗണ്യമായ എണ്ണം സ്കോളർഷിപ്പുകൾ നൽകുന്നതാണ്.

എത്ര എണ്ണം എന്ന് പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടില്ല. ഈ കോഴ്സിന്റെ സമീപകാലത്തെ ബാച്ചുകളിൽ പ്രവേശിപ്പിച്ച വിദ്യാർഥികളുടെ എണ്ണത്തിനു ഏകദേശം തുല്യഎണ്ണം സ്കോളർഷിപ്പുകൾ നൽകുമെന്നുമാത്രമാണ് പറഞ്ഞിരിക്കുന്നത്.

ഇതുകൂടാതെ 6000 രൂപ നിരക്കിൽ പ്രതിമാസ അലവൻസ് ലഭിക്കുന്ന പരിമിതമായ ഫെലോഷിപ്പുകളും സ്ഥാപനം നൽകുന്നുണ്ട്. സ്കോളർഷിപ്പ്/ഫെലോഷിപ്പ് ലഭിക്കാനുള്ള അർഹത ഓരോ സെമസ്റ്ററിലും പുനഃപരിശോധിക്കുന്നതാണ്. തൃപ്തികരമായ അക്കാദമിക് പ്രകടനത്തിന് വിധേയമായിരിക്കും ഇവ അനുവദിക്കുക.

സാമ്പത്തികപരിമിതികൾകാരണം ഒരു വിദ്യാർഥിക്കുപോലും സ്ഥാപനത്തിൽ പഠനം നടത്താനുള്ള അവസരം നിഷേധിക്കരുതെന്നതാണ് സ്ഥാപനത്തിന്റെ നയം.

ഇത് സാധ്യമാക്കുന്നതിന് വിദ്യാർഥിയുടെ സാമ്പത്തികപശ്ചാത്തലം പരിഗണിച്ചുകൊണ്ടുള്ള ഭാഗികമോ, പൂർണമോ ആയ ട്യൂഷൻ ഫീസ് ഒഴിവാക്കലും സ്ഥാപനം പരിഗണിക്കും. വിവരങ്ങൾക്ക്: www.cmi.ac.in/

Content Highlights: How to get scholarship in chennai mathematical Institute, Ask Expert