വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ പഠിക്കുന്നു. ബി.വൊക്. അഗ്രിക്കൾച്ചർ പഠിക്കാനാണ് ആഗ്രഹം. എവിടെ പഠിക്കാം? പ്രവേശന പരീക്ഷയുണ്ടോ?

- നവിത, കോട്ടയം

കേരളത്തിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ 2019-ലെ ബിരുദ കോഴ്സ് പ്രവേശന പ്രോ?സ്പെക്ടസ് പ്രകാരം സർവകലാശാലയുടെ കീഴിലുള്ള ചില കോളേജുകളിലായി അഗ്രിക്കൾച്ചർ മേഖലയുമായി ബന്ധപ്പെട്ട മൂന്നു പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. അഗ്രിക്കൾച്ചർ ടെക്നോളജി, സസ്റ്റെയിനബിൾ അഗ്രിക്കൾച്ചർ, അഗ്രോ ഫുഡ് പ്രോസസിങ് എന്നിവയിലെ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്.) പ്രോഗ്രാമുകൾ.

അംഗീകൃത പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അഗ്രിക്കൾച്ചർ ടെക്നോളജി, അഗ്രോ ഫുഡ് പ്രോസസിങ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അംഗീകൃത പ്ലസ് ടു/തത്തുല്യ പരീക്ഷ, സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് സസ്ടെയിനബിൾ അഗ്രിക്കൾച്ചർ പ്രോഗ്രാമിന് അപേക്ഷിക്കാം. കോഴ്സുകൾ ഏതൊക്കെ കോളേജുകളിൽ ലഭ്യമാണെന്നും പ്രവേശനരീതി എങ്ങനെയെന്നും പ്രോസ്പെക്ടസിൽ വിശദീകരിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷയില്ല.

പ്ലസ് ടു മാർക്ക് പരിഗണിച്ച് ഇൻഡക്സ് മാർക്ക് കണക്കാക്കിയാണ് പ്രവേശനം. സർവകലാശാല നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റിൽ കൂടിയാണ് സീറ്റുകൾ നികത്തുന്നത്. കോളേജ് തലത്തിൽ നികത്തുന്ന സീറ്റുകളും ഉണ്ടാകാം.

താത്‌പര്യത്തിനനുസരിച്ച് സർവകലാശാല ബിരുദപ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ രജിസ്റ്റർ ചെയ്ത് പങ്കെടുക്കണം. 2020-ലെ പ്രവേശന വിജ്ഞാപനം പ്ലസ് ടു/വി.എച്ച്.എസ്.ഇ. ഫലം വന്നശേഷം വരും. അപ്പോൾ, വിശദവിവരങ്ങൾ മനസ്സിലാക്കി, പ്രവേശന പ്രക്രിയയിൽ പങ്കെടുക്കുക.

Content Highlights: How to get B.voc agriculture admission