പ്രഗതി സ്‌കോളര്‍ഷിപ്പിന് എന്നുവരെ അപേക്ഷിക്കാം? അപേക്ഷ നല്‍കേണ്ട വെബ്‌സൈറ്റ്, നല്‍കേണ്ട രേഖകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കാമോ?- ശ്രീലക്ഷ്മി, കൊല്ലം
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) അംഗീകൃത സ്ഥാപനങ്ങളിലെ സാങ്കേതികബിരുദ/ ഡിപ്ലോമ പ്രോഗ്രാമുകളിലെ പഠനത്തിന് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് പ്രഗതി സ്‌കോളര്‍ഷിപ്പ്.
ബിരുദപഠനത്തിനും ഡിപ്ലോമ പഠനത്തിനും പ്രത്യേകം പദ്ധതികളാണ്. ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമിന്റെ ആദ്യവര്‍ഷത്തില്‍ പഠിക്കുന്നവര്‍, ഈ പ്രോഗ്രാമില്‍ ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടി രണ്ടാംവര്‍ഷത്തില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഒരു കുടുംബത്തിലെ രണ്ടുപെണ്‍കുട്ടികള്‍ക്കേ ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളു. അപേക്ഷിക്കുന്ന സാമ്പത്തികവര്‍ഷത്തെ കുടുംബവരുമാനം എട്ടുലക്ഷം രൂപ കവിഞ്ഞിരിക്കരുത് എന്നിവയാണ് മറ്റു വ്യവസ്ഥകള്‍. പ്രതിവര്‍ഷം 50,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി പെണ്‍കുട്ടിക്കു ലഭിക്കുക. ബിരുദപ്രോഗ്രാമില്‍ പഠിക്കുന്നവര്‍ക്ക് നാലുവര്‍ഷത്തേക്കും ഡിപ്ലോമ പഠിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷത്തേക്കും സ്‌കോളര്‍ഷിപ്പ് കിട്ടും. ലാറ്ററല്‍ എന്‍ട്രി പ്രവേശനം എങ്കില്‍ 3/2 വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.
ഈ വര്‍ഷത്തേക്കുള്ള അപേക്ഷ നവംബര്‍ 30 വരെ നല്‍കാം. https://scholarships.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സൈറ്റില്‍, യു.ജി.സി./എ.ഐ.സി.ടി.ഇ. സ്‌കീംസ് ലിങ്കില്‍, എ.ഐ.സി.ടി.ഇ. ഭാഗത്ത്, പ്രഗതി സ്‌കോളര്‍ഷിപ്പ് - ടെക്‌നിക്കല്‍ ഡിഗ്രി, ടെക്‌നിക്കല്‍ ഡിപ്ലോമ എന്നീ തലക്കെട്ടുകള്‍ കാണാം. ഓരോന്നിന്റെയും ഗൈഡ് ലൈന്‍സ് ബന്ധപ്പെട്ട എഫ്.എ.ക്യു. എന്നിവ അവിടെ ലഭിക്കും.
ബാധകമായത് പരിശോധിച്ച്, വ്യവസ്ഥകള്‍ മനസ്സിലാക്കി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കുക. ആധാര്‍കാര്‍ഡ്, ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടുള്ള അപേക്ഷാര്‍ഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് രേഖകള്‍, സര്‍ക്കാര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടാതെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ അപേക്ഷിക്കുമ്പോള്‍ ആവശ്യപ്പെടുന്ന രേഖകള്‍ എന്നിവ നല്‍കേണ്ടിവരും.
(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)
Content Highlights: How to apply for Pragathi scholarship, ask expert