കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസിന് എത്ര മെറിറ്റ് സീറ്റ് ഉണ്ട്?

 

വീണ, ആലപ്പുഴ

2021ലെ കീം പ്രോസ്പക്ടസ് പ്രകാരം എം.ബി.ബി.എസിന് 10 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി മൊത്തം 1555 സീറ്റുകളാണുള്ളത്. ഇതില്‍ അഖിലേന്ത്യാ ക്വാട്ട വിഭാഗത്തിലെ 231 സീറ്റുകളും 27 നോമിനേഷന്‍ സീറ്റുകളും പ്രവേശനപരീക്ഷാകമ്മിഷണറുടെ അലോട്ട്‌മെന്റിന്റെ പരിധിയില്‍ വരുന്നില്ല. ഈ 258 സീറ്റുകള്‍ മാറ്റിവെച്ചാല്‍ മൊത്തം 1297 (1555 - 258) സീറ്റുകളാണ് കമ്മിഷണറുടെ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുന്നത്.

ഇവയില്‍ അഞ്ചുശതമാനം സീറ്റുകള്‍ (64.85  ഇത് എങ്ങനെ ക്രമപ്പെടുത്തുമെന്ന് കമ്മിഷണര്‍ തീരുമാനിക്കും) ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്യും. ഇത് 65 ആയി കരുതുക. പ്രോസ്പക്ടസ് പ്രകാരം 35 സീറ്റുകളാണ് സ്‌പെഷല്‍ റിസര്‍വേഷന്‍ വിഭാഗത്തിലുള്ളത്. ഇപ്രകാരം 100 സീറ്റുകള്‍ മാറുമ്പോള്‍ അവശേഷിക്കുന്നത് 1197 സീറ്റുകളാണ്. ഈ സീറ്റുകളാണ് മാന്‍ഡേറ്ററി റിസര്‍വേഷന്‍ സീറ്റുകള്‍.

ഇതിന്റെ 50 ശതമാനം സ്റ്റേറ്റ് മെറിറ്റായിരിക്കും. അതായത് 598.5. ഇത് ക്രമപ്പെടുത്തി പൂര്‍ണസംഖ്യയാക്കും. 10 ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് അനുവദിക്കും. സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന (എസ്.ഇ. ബി.സി.) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഒമ്പത് ഉപവിഭാഗങ്ങള്‍ക്ക് ഇപ്രകാരമാണ് സീറ്റ് അനുവദിക്കുക.

ഈഴവ ഒമ്പതുശതമാനം, മുസ്‌ലിം എട്ടുശതമാനം, ബി.എച്ച്., എല്‍.എ.  മൂന്നുശതമാനം വീതം, ഡി.വി., വി.കെ.  രണ്ടുശതമാനം വീതം, കെ.എന്‍., ബി.എക്‌സ്., കെ.യു. ഒരുശതമാനം വീതം (മൊത്തം 30 ശതമാനം). എട്ടുശതമാനം പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് രണ്ടുശതമാനം സീറ്റനുവദിക്കും.

മൊത്തം സീറ്റുകളുടെ നിശ്ചിതശതമാനം കണക്കാക്കുമ്പോള്‍ ഭിന്നസംഖ്യ വരാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ അത് പൂര്‍ണ സംഖ്യയായി നിശ്ചിത തത്ത്വം ഉപയോഗിച്ച് കമ്മിഷണര്‍ ക്രമപ്പെടുത്തുന്നതാണ്. സംസ്ഥാനതലത്തിലെ സീറ്റ് വിഭജനത്തോടൊപ്പം കോളേജ് തലത്തിലും സീറ്റ് വിഭജനമുണ്ടായിരിക്കും. ഇപ്രകാരം സീറ്റുകളുടെ വിഭജനം നടത്തിയാണ് അലോട്ട്‌മെന്റ് നടത്തുക.

Content Highlights: merit seats are there for MBBS in Government Medical Colleges in Kerala