ask expertപ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയാണ്. ബി.എസ്സി. ജിയോളജി കോഴ്സ് പഠിക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ ഏതെല്ലാം കോളേജുകളിലാണ് ഈ കോഴ്സുള്ളത്? പ്രവേശനം ലഭിക്കാന്‍ എത്ര ശതമാനം മാര്‍ക്കുവേണം?

-സീമന്ത്, കണ്ണൂര്‍

കോഴ്സ് നടത്തുന്ന സര്‍വകലാശാലകള്‍ ഓരോവര്‍ഷവും പ്രസിദ്ധപ്പെടുത്തുന്ന പ്രോസ്‌പെക്ടസില്‍ പ്രവേശനവ്യവസ്ഥകള്‍ വ്യക്തമാക്കിയിരിക്കും.

* കണ്ണൂര്‍ സര്‍വകലാശാലയുടെ 2019-ലെ ബിരുദപ്രവേശന പ്രോസ്പക്ടസ് പ്രകാരം ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലൊന്നു പഠിച്ച് ഹയര്‍സെക്കന്‍ഡറി ജയിച്ചവര്‍ക്ക് ബി.എസ്സി. ജിയോളജി പ്രോഗ്രാം പ്രവേശനത്തിന് അര്‍ഹതയുണ്ട്.

* കേരള സര്‍വകലാശാലയിലെ കോളേജുകളിലെ പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ കുറഞ്ഞത് രണ്ടുവിഷയങ്ങള്‍ പഠിച്ചിരിക്കണം.

* മഹാത്മാഗാന്ധി സര്‍വകലാശാല: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജിയോളജി, ബയോളജി എന്നിവയില്‍ കുറഞ്ഞത് രണ്ടുവിഷയങ്ങള്‍ പഠിച്ചിരിക്കണം.

* കോഴിക്കോട് സര്‍വകലാശാലയില്‍ പ്ലസ് ടു തലത്തില്‍ സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും ജിയോളജി ഒരുവിഷയമായി സയന്‍സ് സ്ട്രീമിലോ ഹ്യുമാനിറ്റീസ് സ്ട്രീമിലോ പഠിച്ചവര്‍ക്കും അപേക്ഷിക്കാം.

* കേരളത്തില്‍, ബി.എസ്സി. ജിയോളജി ഉള്ള ചില സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍: ഗവ. കോളേജ്, കാസര്‍കോട്; എം.ഇ.എസ്. കോളേജ് പൊന്നാനി, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട (ഓട്ടോണമസ്), ഗവ. കോളേജ് നാട്ടകം (കോട്ടയം), യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, എസ്.എന്‍. കോളേജ് വര്‍ക്കല, എസ്.എന്‍. കോളേജ്, ചെമ്പഴന്തി, എസ്.എന്‍. കോളേജ്, ചേര്‍ത്തല.

ഏതാനും അണ്‍ എയ്ഡഡ് കോളേജുകളിലും കോഴ്സുണ്ട്. സര്‍വകലാശാലകളാണ് പൊതുവേ പ്രവേശനം നടത്തുന്നത്. ഓരോ സര്‍വകലാശാലയും പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കാനുള്ള ചട്ടങ്ങള്‍ പ്രോസ്‌പെക്ടസില്‍ നല്‍കിയിരിക്കും. അതനുസരിച്ചുകണക്കാക്കുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.

സര്‍വകലാശാല, അപേക്ഷകരുടെ മാര്‍ക്കുരീതി എന്നിവയനുസരിച്ച് ഓരോവര്‍ഷത്തെയും പ്രവേശനസാധ്യതകള്‍ വിഭിന്നമായിരിക്കും. അതിനാല്‍ പ്രവേശനത്തിന് എത്രമാര്‍ക്കുവേണം എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. പരമാവധി മാര്‍ക്ക് പ്ലസ് ടു തലത്തില്‍ വാങ്ങാന്‍ ശ്രമിക്കുക.

Content Highlights: Geology courses offered by universities in kerala, ask experts