ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് -ബയോടെക്നോളജി(ഗാറ്റ്-ബി) പരീക്ഷയെക്കുറിച്ച് വിശദീകരിക്കാമോ? എങ്ങനെ അപേക്ഷിക്കാം? -അതുൽ, തൃശ്ശൂർ

കേന്ദ്രസർക്കാരിന്റെ ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിനുവേണ്ടി റീജണൽ സെന്റർ ഫോർ ബയോടെക്നോളജി (ആർ.സി.ബി.-ഫരീദാബാദ്) നടത്തുന്ന അഭിരുചിപരീക്ഷയാണ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് -ബയോടെക്നോളജി (ഗാറ്റ്-ബി).

ഇതിന്റെ പരിധിയിൽവരുന്ന സ്ഥാപനങ്ങളിൽ ബയോടെക്നോളജി വകുപ്പിന്റെ പിന്തുണയോടെ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനാണ് ഗാറ്റ്-ബി നടത്തുന്നത്. ജെ.എൻ.യു. നടത്തിവന്നിരുന്ന കമ്പയിൻഡ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ബയോടെക്നോളജി (സി. ഇ.ഇ.ബി.) ആണ് ഗാറ്റ്-ബി എന്നപേരിൽ 2020-ൽ നടത്തിയത്.

2020-ൽ ഇതിൽ ഉൾപ്പെട്ടിരുന്ന കോഴ്സുകളും ലഭ്യമായിരുന്ന സീറ്റുകളും ഇപ്രകാരമായിരുന്നു: എം.എസ്സി. ബയോടെക്നോളജി (34 സ്ഥാപനങ്ങൾ, 660 സീറ്റുകൾ), എം.ടെക്. ബയോടെക്നോളജി/അനുബന്ധ മേഖലകൾ (12, 240), എം. എസ്സി. അഗ്രിക്കൾച്ചറൽ ബയോടെക്നോളജി (8, 171), എം.വി.എസ്സി. ആനിമൽ ബയോടെക്നോളജി (1, 10), എം.എസ്സി. അലൈഡ് മേഖലകൾ (7, 140). ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരുന്ന കേരളത്തിലെ സ്ഥാപനങ്ങൾ: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കൊച്ചി (എം.ടെക്. മറൈൻ ബയോടെക്നോളജി); കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി തൃശ്ശൂർ (എം.എസ്സി. അഗ്രിക്കൾച്ചറൽ ബയോടെക്നോളജി); രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി തിരുവനന്തപുരം (എം.എസ്സി. ബയോടെക്നോളജി).

പ്രോഗ്രാമിനനുസരിച്ച് സയൻസ്, എൻജിനിയറിങ്, മെഡിക്കൽ, വെറ്ററിനറി, ഫാർമസി തുടങ്ങിയ മേഖലകളിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാം. ചില പ്രോഗ്രാമുകൾക്ക് സയൻസ് മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ് ബിരുദക്കാർക്കും അർഹതയുണ്ട്.

മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയായിരുന്നു. രണ്ട് ഭാഗങ്ങൾ. പാർട്ട് എ -ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന് പ്ലസ് ടു നിലവാരമുള്ള ഒരുമാർക്ക് വീതമുള്ള 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ഉത്തരം തെറ്റിയാൽ അരമാർക്കുവീതം നഷ്ടമാകുമായിരുന്നു. പാർട്ട് ബി- ബയോളജി, ലൈഫ് സയൻസസ്, ബയോടെക്നോളജി, അനുബന്ധ മേഖലകൾ എന്നിവയിൽനിന്ന് ബിരുദനിലവാരമുള്ള മൂന്നുമാർക്ക് വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. 60 ചോദ്യങ്ങൾക്ക് ഉത്തരം നൽകണമായിരുന്നു. ഉത്തരം തെറ്റിയാൽ ഒരുമാർക്കുവീതം നഷ്ടപ്പെടുമായിരുന്നു.

ഡി.ബി.ടി. സഹായത്തോടെ നടത്തുന്ന പ്രോഗ്രാമിൽ പ്രവേശനം നേടുന്നവർക്ക് പ്രതിമാസ സ്റ്റൈപ്പെൻഡ് നൽകും.

എം.എസ്സി. ബയോടെക്നോളജി ആൻഡ് അലൈഡ് മേഖലകൾ -5000 രൂപ, എം.എസ്സി. അഗ്രിക്കൾച്ചറൽ ബയോടെക്നോളജി -7500 രൂപ, എം.ടെക്./എം.വി.എസ്സി. -12,000 രൂപ. 2020-ൽ അപേക്ഷാ വെബ്സൈറ്റ് https://rcb.res.in/GATB/ ആയിരുന്നു. വിശദാംശങ്ങൾ ഈ സൈറ്റിലുണ്ട്. പരിശോധിക്കുക.

Content Highlights: GAT-B Application procedure and exam, Ask expert