ഫുഡ് സയന്‍സ്/ടെക്‌നോളജി/അനുബന്ധമേഖലകളില്‍ പി.ജി. ചെയ്യാന്‍ ബി.എസ്‌സി. ഫുഡ് സയന്‍സ്/ടെക്‌നോളജി ബിരുദം വേണോ?

സനല്‍, കൊല്ലം.

വിവിധ സര്‍വകലാശാലകളില്‍/സ്ഥാപനങ്ങളില്‍ ഈ മേഖലയില്‍ വ്യത്യസ്ത പി.ജി. പ്രോഗ്രാമുകളുണ്ട്. പ്രോഗ്രാമിനും സ്ഥാപനത്തിനും അനുസരിച്ച് അക്കാദമിക് യോഗ്യതയില്‍ മാറ്റമുണ്ടാകാം. പ്രോഗ്രാമുകളും പ്രവേശനയോഗ്യതയും:

•മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എസ്.ഐ.ആര്‍.സി.എഫ്.ടി.ആര്‍.ഐ.) നടത്തുന്ന എം.എസ്‌സി. ഫുഡ് ടെക്‌നോളജിയില്‍ സയന്‍സ്/അഗ്രിക്കള്‍ച്ചര്‍/എന്‍ജിനിയറിങ്/ടെക്‌നോളജി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

•പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി: എം.എസ്‌സി. ഫുഡ് ടെക്‌നോളജിബി.എസ്‌സി. അഗ്രി./ബി.എസ്‌സി. അഗ്രി. (ഓണേഴ്‌സ്)/ ബി.എസ്‌സി. ഹോര്‍ട്./ബി.ടെക്. ഫുഡ് ടെക്‌നോളജി/ബി. എസ്‌സി. ഫുഡ് സയന്‍സ് (നാലുവര്‍ഷം) ആന്‍ഡ്/ഫുഡ് ടെക്‌നോളജി/ബി.എസ്‌സി. ഹോംസയന്‍സ് (നാലുവര്‍ഷം)/ബി.എസ്‌സി. (ഓണേഴ്‌സ്) കമ്യൂണിറ്റി സയന്‍സ്/ബി.എസ്‌സി. ന്യുട്രിഷന്‍ ആന്‍ഡ് ഡയറ്റിക്‌സ്.

•കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കൊച്ചി) നടത്തുന്ന എം.എസ്‌സി. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി: ഫുഡ് സയന്‍സ് ആന്‍ഡ്/ടെക്‌നോളജി, ഫുഡ് എന്‍ജിനിയറിങ്, അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/മറ്റ് അനുബന്ധ അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, ഡെയറി സയന്‍സ്, കെമിസ്ട്രി/ബോട്ടണി/സുവോളജി/അനുബന്ധ ലൈഫ് സയന്‍സസ്, മൈക്രോബയോളജി/ബയോകെമിസ്ട്രി/ബയോടെക്‌നോളജി എന്നിവയിലൊന്നിലെ ബി.എസ്‌സി. ബിരുദമോ ബി.ടെക്. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ബി.എഫ്.എസ്‌സി., ബി.വി.എസ്‌സി. ബിരുദമോ വേണം.

•കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എസ്‌സി. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാം: മാത്തമാറ്റിക്‌സ് ഒരു ഓപ്ഷണലായി പ്ലസ്ടു/ബി.എസ്‌സി. തലത്തില്‍ പഠിച്ച് 50 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ്, പാര്‍ട്ട് III ഓപ്ഷണലില്‍ വാങ്ങി ഏതെങ്കിലും വിഷയത്തില്‍ ബി.എസ്‌സി. ബിരുദം നേടണം. 70 ശതമാനം സീറ്റ് ബി. എസ്‌സി. ഫുഡ് ടെക്‌നോളജി ബിരുദമള്ളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 30 ശതമാനം സീറ്റിലേക്ക് പ്രവേശനപരീക്ഷയുണ്ട്.

•മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ എം. എസ്‌സി. ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ്: ഫുഡ് സയന്‍സ്, ഫുഡ് ടെക്‌നോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സ്, മൈക്രോബയോളജി, ന്യുട്രിഷന്‍ എന്നിവയിലൊന്ന് ഒരുവിഷയമായി പഠിച്ച് സയന്‍സ്/ടെക്‌നോളജി ബിരുദം എടുത്തവര്‍, ബി.വോക്. ഫുഡ് പ്രോസസിങ് ടെക്‌നോളജി, ഭാരതിയാര്‍ സര്‍വകലാശാലയുടെ നാനോ ടെക്‌നോളജിയോടെയുള്ള മൈക്രോബയോളജി ബിരുദധാരികള്‍ എന്നിവരെ പരിഗണിക്കും.

എം.എസ്‌സി. ഫുഡ് സയന്‍സ്/ടെക്‌നോളജി പഠനത്തിന് പൊതുവെ, ബി. എസ്‌സി. ഫുഡ് സയന്‍സ്/ടെക്‌നോളജി ബിരുദം നിര്‍ബന്ധമില്ലെന്ന് ഇവയില്‍നിന്നും വ്യക്തമാണ്.

Content Highlights: Food science and related courses