പ്ലസ്ടു വിദ്യാര്‍ഥിയാണ്. ബി.വൊക്. ഫുഡ് പ്രൊസസിങ് ടെക്‌നോളജി പഠിക്കണമെന്നുണ്ട്. വിവരങ്ങള്‍ നല്‍കുമോ? ഉപരിപഠനസാധ്യതകള്‍ എന്തെല്ലാമാണ്?-അശ്വതി, എറണാകുളം

കേരളത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴില്‍ പാലാ സെയ്ന്റ് തോമസ് കോളേജില്‍ സ്വാശ്രയരീതിയില്‍ ബി.വൊക്. ഫുഡ് പ്രൊസസിങ് ടെക്‌നോളജി പ്രോഗ്രാം നടത്തുന്നുണ്ട്. സയന്‍സ് ഗ്രൂപ്പ് എടുത്ത് പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. മഹാത്മാഗാന്ധി സര്‍വകലാശാല നടത്തുന്ന ബിരുദതല കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് 50 ശതമാനം സീറ്റുകള്‍ (എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സീറ്റുകള്‍ ഉള്‍പ്പെടെ) നികത്തുന്നത്. താത്പര്യമുണ്ടെങ്കില്‍ പ്രക്രിയയില്‍ രജിസ്റ്റര്‍ചെയ്ത് ഓപ്ഷന്‍ കൊടുക്കണം. ബാക്കിസീറ്റുകള്‍ കോളേജ് തലത്തില്‍ ബന്ധപ്പെട്ട മാനേജ്‌മെന്റ് നികത്തും.

സ്വയംഭരണകോളേജായ എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലും പ്രോഗ്രാമുണ്ട്. കോളേജിലേക്ക് നേരിട്ട് അപേക്ഷിക്കണം. കോഴ്‌സിന്റെ ഭാഗമായി മുഖ്യമായും പഠിക്കുന്ന വിഷയങ്ങള്‍ ഇവയാണ്: ഫുഡ് പ്രൊസസിങ്/പ്രിസര്‍വേഷന്‍/ഫുഡ് എന്‍ജിനിയറിങ് അടിസ്ഥാനതത്ത്വങ്ങള്‍, ഫുഡ് കെമിസ്ട്രി, ഫുഡ് അഡിറ്റീവ്‌സ്, ബേസിക് മൈക്രോബയോളജി, ഫുഡ് പ്രൊസസിങ് മെഷീനറീസ്, ബേക്കറി ആന്‍ഡ് കണ്‍ഫക്ഷണറി, ഫുഡ് അനാലിസിസ്, അഡല്‍ട്രേഷന്‍ ടെസ്റ്റിങ്, ഫുഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ്, ഫാറ്റ് ആന്‍ഡ് ഓയില്‍ പ്രൊസസിങ്, ഡെയറി, സിറിയല്‍സ് ആന്‍ഡ് പള്‍സസ്, മീറ്റ് ഫിഷ് പോള്‍ട്രി പ്രൊസസിങ്, ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ പ്രൊസസിങ്, ഫങ്ഷണല്‍ ഫുഡ്‌സ് ആന്‍ഡ് ന്യൂട്രാസ്യൂറ്റിക്കല്‍സ്, ഫുഡ് പാക്കേജിങ്, ബിവറേജസ്, ഡ്രൈയിങ്, സെന്‍സറി ഇവാല്യുവേഷന്‍, അനലിറ്റിക്കല്‍ മെത്തേഡ്‌സ് ഇന്‍ ഫുഡ് പ്രൊസസിങ്, ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്, ഫുഡ് ടോക്‌സിക്കോളജി തുടങ്ങിയവ. ഇവയില്‍ ചിലതിന് പ്രാക്ടിക്കല്‍ ഉണ്ടായിരിക്കും. പൊതുസ്വഭാവമുള്ള മറ്റുചില വിഷയങ്ങളും/പേപ്പറുകളും കോഴ്‌സിന്റെ ഭാഗമായി പഠിക്കണം.

ഈ പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫുഡ് കോമ്പസിഷന്‍, അതിന്റെ ഫിസിയോകെമിക്കല്‍, ന്യൂട്രീഷണല്‍, മൈക്രോബയോളജിക്കല്‍, സെന്‍സറി വശങ്ങള്‍ മനസ്സിലാക്കാനും ഫുഡ് പ്രൊഡക്ടുകളുടെ പ്രൊസസിങ്, പ്രിസര്‍വേഷന്‍ രീതികള്‍ പരിചയപ്പെടാനും ഫുഡ് സേഫ്റ്റി, ഫുഡ് ക്വാളിറ്റി, ഫുഡ് ലോസ് ആന്‍ഡ് റെഗുലേഷന്‍സ്, ഫുഡ് എന്‍ജിനിയറിങ്, ഫുഡ് പാക്കേജിങ് തുടങ്ങിയവ മനസ്സിലാക്കാനും കഴിയും.

ഉപരിപഠനത്തിന് എം.വൊക്. ഫുഡ് പ്രൊസസിങ് ടെക്‌നോളജി പ്രോഗ്രാം സ്വയംഭരണകോളേജായ എറണാകുളം സെയ്ന്റ്് തെരേസാസ് കോളേജിലുണ്ട്. കോളേജിലേക്ക് നേരിട്ട് അപേക്ഷിക്കണം. മറ്റുചില സ്ഥാപനങ്ങള്‍: ജെ.എസ്.എസ്. കോളേജ് ഓഫ് ആര്‍ട്‌സ്, കൊമേഴ്‌സ് ആന്‍ഡ് സയന്‍സ് (മൈസൂരു) എം.വൊക്. ഫുഡ് പ്രൊസസിങ് ആന്‍ഡ് എന്‍ജിനിയറിങ്, പദ്മശ്രീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് സയന്‍സസ് (ബെംഗളൂരൂ) എം.വൊക്. ഫുഡ് പ്രൊസസിങ് ആന്‍ഡ് ന്യൂട്രാസ്യൂട്ടിക്കല്‍സ്.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com / education/help-desk /ask-expert)

Content Highlights: Food processing technology higher education opportunities