ask expertപ്ലസ്ടു സോഷ്യോളജി വിദ്യാര്‍ഥിനിയാണ്. കേരളത്തില്‍ സര്‍ക്കാര്‍ ലോ കോളേജില്‍ നിയമംപഠിക്കാന്‍ എന്തുചെയ്യണം. പ്രവേശനപരീക്ഷയുടെ സിലബസ് എന്താണ്? -വന്ദന, തിരുവനന്തപുരം

പ്ലസ്ടു ജയിച്ചവര്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍ ലോ കോളേജില്‍ നിയമം പഠിക്കാന്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി.ക്ക് ചേരാം. പ്ലസ്ടുവിന് 45ശതമാനം മാര്‍ക്കുവേണം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് (എസ്.ഇ.ബി.സി) 42 ശതമാനവും പട്ടികവിഭാഗക്കാര്‍ക്ക് 40 ശതമാനവും മാര്‍ക്കു മതി. പ്രവേശനവര്‍ഷം ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം.

കംപ്യൂട്ടര്‍ അധിഷ്ഠിതരീതിയില്‍ 200 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് പ്രവേശനപരീക്ഷയ്ക്കുണ്ടാവുക. രണ്ടുമണിക്കൂര്‍ സമയം. ജനറല്‍ഇംഗ്ലീഷ് (60 ചോദ്യം), ജനറല്‍ നോളജ് (45), അരിത്തമറ്റിക് ആന്‍ഡ് മെന്റല്‍ എബിലിറ്റി (25), ആപ്റ്റിറ്റിയൂഡ് ഫോര്‍ ലീഗല്‍സ്റ്റഡീസ് (70) എന്നിങ്ങനെയാവും ചോദ്യങ്ങള്‍. ശരിയുത്തരത്തിന് മൂന്നു മാര്‍ക്ക് തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. പ്രവേശനപരീക്ഷയില്‍ യോഗ്യതനേടാന്‍ പരീക്ഷയില്‍ പത്തു ശതമാനം മാര്‍ക്ക് (600ല്‍ 60) ലഭിക്കണം. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചുശതമാനം മാര്‍ക്ക് (30) മതി.

റാങ്കുപട്ടിക വന്നശേഷം എന്‍ട്രന്‍സ് കമ്മിഷണര്‍ ഓപ്ഷന്‍ വിളിച്ച് സീറ്റ് അലോട്ട്‌മെന്റ് നടത്തും. സര്‍ക്കാര്‍ ലോ കോളേജുകളില്‍ തിരുവനന്തപുരത്ത് ബി.എ. എല്‍എല്‍.ബി, എറണാകുളത്ത് ബി.കോം. എല്‍എല്‍.ബി (ഓണേഴ്‌സ്), തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ബി.ബി.എ. എല്‍എല്‍.ബി (ഓണേഴ്‌സ്) പ്രോഗ്രാമുകള്‍ ലഭ്യമാണ്.

2020-ലെ പ്രവേശന വിജ്ഞാപനം വന്നിട്ടില്ല. ഏപ്രില്‍ അവസാനത്തോടെ പ്രതീക്ഷിക്കാം. മുന്‍വര്‍ഷങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് http://cee-kerala.org കാണുക.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: Five Year Integrated LLB After Plus Two Course