ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിൽ ചേർന്നാൽ ഇടയ്ക്ക് വേണ്ടെന്നുവെക്കാമോ? എങ്കിൽ ബിരുദം കിട്ടുമോ? - സ്മിത, കണ്ണൂർ
ഏത് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ആണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. അതുകൊണ്ട് പൊതുവായ വ്യവസ്ഥകൾ ഇവിടെ സൂചിപ്പിക്കുന്നു.
ഒരു പ്രവേശനത്തിൽക്കൂടി ബിരുദവും ബിരുദാനന്തര ബിരുദവും അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കുന്നതാണ് പൊതുവേയുള്ള ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ. സാധാരണഗതിയിൽ അഞ്ചുവർഷവും പഠിച്ചാലേ പി.ജി. ബിരുദം ഈ സംവിധാനത്തിൽ ലഭിക്കുകയുള്ളു. എന്നാൽ, ചില ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് മൂന്നുവർഷത്തെ പoനം വിജയകരമായി പൂർത്തിയാക്കി ബിരുദവുമായി പുറത്തുവരാനുള്ള അവസരം നൽകിവരുന്നുണ്ട്.
ആ സൗകര്യത്തിന് എക്സിറ്റ് (പുറത്തേക്കു പോകൽ) ഓപ്ഷൻ എന്നാണ് പറയുന്നത്. ഉദാ: ഡൽഹി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ജേണലിസം നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ജേണലിസം കോഴ്സിന് മൂന്നുവർഷം കഴിഞ്ഞ് ഡിഗ്രി ഓഫ് ബാച്ചിലർ ഇൻ ജേണലിസം ബിരുദവുമായി പുറത്തുവരാൻ അവസരം ഉണ്ട്. എക്സിറ്റ് ഓപ്ഷൻ ഉണ്ടെങ്കിൽ അത് വിജ്ഞാപനത്തിൽ/പ്രോസ്പക്ടസിൽ വ്യക്തമാക്കും.
എക്സിറ്റ് സൗകര്യം ഇല്ലെങ്കിൽ അഞ്ചുവർഷവും പഠിച്ചാലേ പി.ജി. ബിരുദം ലഭിക്കുകയുള്ളൂ. ഉദാ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ബി.ടെക്. + എം.എസ്./എം.ടെക്. പ്രോഗ്രാമിൽ നാലുവർഷം കഴിഞ്ഞ് ബി.ടെക്. എടുത്ത് പുറത്തുവരാൻ പറ്റില്ല. ഇത് പ്രോസ്പക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രവേശന സംവിധാനങ്ങളിലും ഇത് പ്രത്യേകം പറഞ്ഞിരിക്കണമെന്നില്ല. അങ്ങനെ പറയാത്തിടത്തോളം, എക്സിറ്റ് ഓപ്ഷൻ ഇല്ല എന്നു മനസ്സിലാക്കാനേ കഴിയൂ. വ്യക്തത വേണമെങ്കിൽ സ്ഥാപനവുമായി ബന്ധപ്പെട്ട് സംശയം ദൂരീകരിച്ചശേഷം പ്രവേശനം തേടുക.
(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)
Content Highlights: Exit Option in Integrated PG Courses, Mathrubhumi Ask Expert