ask expertസാമ്പത്തിക പിന്നാക്കവിഭാഗം സംവരണത്തിന്റെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്. 2021ലെ നീറ്റിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷയില്‍ ഇ.ഡബ്ല്യു.എസ്. കാറ്ററി നല്‍കുകയും തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്താല്‍ ജനറല്‍ കാറ്റഗറിയില്‍ പരിഗണിക്കുമോ. അതോ അപേക്ഷതന്നെ റദ്ദാക്കപ്പെടുമോ? - ജയശ്രീ, എറണാകുളം

ക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ് (ഇ.ഡബ്ല്യു.എസ്.) സംവരണത്തിന്റെ കേന്ദ്രസര്‍ക്കാര്‍ പൊതുവ്യവസ്ഥകള്‍ https://dopt.gov.in/sites/default/files/ewsf28fT.PDF എന്ന ലിങ്കില്‍ കിട്ടും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ സംവരണത്തിന്റെ വിശദാംശങ്ങള്‍ https://www.ugc.ac.in/ugc_notices.aspx ല്‍ 19.8.2019ലെ നോട്ടീസില്‍ ഉണ്ട്.

കേരള സംസ്ഥാനത്തെ വ്യവസ്ഥകള്‍ക്കായി http://ceekerala.org/docs/keam2019/result/ewsgo.pdf ലിങ്ക് കാണുക. ഉത്തരവുകളില്‍ വന്നിട്ടുണ്ടാകാവുന്ന ഭേദഗതികളും പരിശോധിച്ച് വ്യവസ്ഥകള്‍ മനസ്സിലാക്കുക.

നീറ്റിന് അപേക്ഷിക്കുമ്പോള്‍ ഇ.ഡബ്ല്യു.എസ്. ഉള്‍പ്പെടെയുള്ള ഏതെങ്കിലും സംവരണത്തിന് അപേക്ഷയില്‍ ക്ലെയിം വെക്കുമ്പോള്‍ അതിന് അര്‍ഹതയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അപേക്ഷാര്‍ഥിയാണ്. നീറ്റ് അപേക്ഷാ സമര്‍പ്പണഘട്ടത്തില്‍ രേഖാപരിശോധന ഇല്ല. അതിനാല്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടിവരില്ല. ക്ലെയിം അംഗീകരിച്ച് അലോട്ടുമെന്റിന് നിങ്ങളെ പരിഗണിക്കും. സീറ്റ് അനുവദിക്കപ്പെട്ടാല്‍ ബാധകമായ സര്‍ട്ടിഫിക്കറ്റ് പ്രവേശനവേളയില്‍ സ്ഥാപനത്തില്‍ നല്‍കണം. ഇല്ലെങ്കില്‍ അലോട്ടുമെന്റ്് റദ്ദുചെയ്യും.

എം.സി.സി.യു.ജി. അലോട്ടുമെന്റിലെ നിലവിലെ വ്യവസ്ഥയനുസരിച്ച് കാറ്റഗറി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ആദ്യറൗണ്ട് സീറ്റ് നഷ്ടപ്പെട്ടാലും രണ്ടാംറൗണ്ടില്‍ ജനറല്‍ വിഭാഗത്തില്‍ ചോയ്‌സ് നല്‍കി നിങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയും. പക്ഷേ, കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ നല്‍കുമ്പോള്‍ നടത്തുന്ന ക്ലെയിമുകളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷാ സമര്‍പ്പണഘട്ടത്തില്‍ത്തന്നെ നല്‍കണമെന്നതാണ് വ്യവസ്ഥ. അത് പരിശോധിച്ച് ക്ലെയിം അംഗീകരിക്കപ്പെട്ടാലേ ആ സംവരണ വിഭാഗത്തിലെ അലോട്ട്‌മെന്റിനായി പരിഗണിക്കൂ. 2021ലെ വ്യവസ്ഥകള്‍ക്ക് വരുന്ന വര്‍ഷത്തെ പ്രോസ്പക്ടസ് പരിശോധിക്കണം.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍- : https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: EWS reservation procedures, NEET, ask expert