ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. എന്‍ജിനീയറിങ്ങിനുശേഷം ഫിസിക്സില്‍ പി.ജി.ചെയ്യാന്‍ കഴിയുമോ? എവിടെ പഠിക്കാം?
-ഹരിനാരായണന്‍ എസ്.എം, തിരുവനന്തപുരം
ബി.ഇ./ബി.ടെക്. ബിരുദധാരികള്‍ക്ക് വ്യവസ്ഥകള്‍ക്കുവിധേയമായി എം.എസ്സി. ഫിസിക്സ് പഠിക്കാന്‍ സൗകര്യമുണ്ട്.
ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി ന്യൂഡല്‍ഹി: ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/കംപ്യൂട്ടര്‍, ബി.ഇ./ബി.ടെക്കുകാര്‍ക്ക് അപേക്ഷിക്കാം.
സാവിത്രി ഭായ് ഫൂലെ പുണെ സര്‍വകലാശാല: ബി.ഇ./ബി.ടെക്കുകാര്‍ക്ക് അപേക്ഷിക്കാം.
ഡല്‍ഹി സര്‍വകലാശാല: കുറഞ്ഞത് ആറു ക്രെഡിറ്റുള്ള മാത്തമാറ്റിക്സ്/മാത്തമാറ്റിക്കല്‍ ഫിസിക്സ്/എന്‍ജിനീയറിങ് മാത്തമാറ്റിക്‌സ് പഠിച്ച ബി.ഇ./ബി.ടെക്കുകാര്‍ക്ക് അര്‍ഹതയുണ്ട്.
ഹരിയാണ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച, എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴി പ്രവേശനം.
ഒട്ടേറെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.)യില്‍ ബിരുദതലത്തില്‍ നിശ്ചിത വര്‍ഷം/സെമസ്റ്ററില്‍ ഫിസിക്സ്, മാത്തമാറ്റിക് പഠിച്ചിട്ടുള്ളവര്‍ക്ക് എം.എസ്സി. ഫിസിക്സിന് അപേക്ഷിക്കാം. ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം.എസ്സി. (ജാം) യോഗ്യത നേടണം (http://jam.iitkgp.ac.in)
പിഎച്ച്.ഡി.കൂടി വേണമെങ്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍)ല്‍ അവസരമുണ്ട്. തിരുവനന്തപുരം ഐസറില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക്, ഫിസിക്സിലെ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.യ്ക്ക് അപേക്ഷിക്കാം. ജസ്റ്റ് /ജാംഫിസിക്സ് യോഗ്യത വേണം.
കൊല്‍ക്കത്ത, പുണെ, മൊഹാലി, ഭോപാല്‍ തുടങ്ങിയ ഐസറിലും എന്‍ജിനീയറിങ് ബിരുദക്കാരെ പരിഗണിക്കും. പ്രവേശന വ്യവസ്ഥകള്‍ക്ക് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് പരിശോധിക്കുക.
ആസ്‌ക് എക്സ്പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert
Content Highlights: Ask Expert, Engineering graduates also can do post graduation in Physics, Higher Education in Physics