സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദവും ഇക്കണോമിക്സിൽ പി.ജി.യുമുണ്ട്. ഐ.ഇ. എസ്./ഐ.എസ്.എസ്. പരീക്ഷകൾക്ക് അപേക്ഷിക്കാമോ-അനിത, പത്തനംതിട്ട

ന്ത്യൻ ഇക്കണോമിക് സർവീസ് (ഐ.ഇ. എസ്.) പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നിവയിലൊന്നിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം വേണം. ഇക്കണോമിക്സിൽ പി.ജി.യുള്ളതിനാൽ ഐ.ഇ.എസ്. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ഐ.എസ്.എസ്.) പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്ന് ഒരു വിഷയമായി പഠിച്ചുനേടിയ ബാച്ചിലർ ബിരുദമോ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നിലെ മാസ്റ്റേഴ്സ് ബിരുദമോ വേണം. നിങ്ങൾക്ക് സ്റ്റാറ്റിസ്റ്റിക്സിൽ ബി.എസ്സി. ബിരുദമുള്ളതിനാൽ ഐ.എസ്.എസ്. പരീക്ഷയ്ക്കും അപേക്ഷിക്കാം.

രണ്ടും പ്രത്യേക സർവീസുകളാണെങ്കിലും വിജ്ഞാപനം സംയുക്തമായാണ് യൂണിയൻ പബ്ളിക് സർവീസ് കമ്മിഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. മത്സരപരീക്ഷ വഴിയാണ് പ്രവേശനം. വിജ്ഞാപനത്തിലെ 2 (b) ക്ലോസ് പ്രകാരം അർഹതയ്ക്കുവിധേയമായി ഒരാൾക്ക് ഈ രണ്ടുസർവീസിൽ ഏതെങ്കിലും ഒന്നിനുമാത്രമേ അപേക്ഷിക്കാൻ കഴിയൂ. അതിനാൽ രണ്ടിനും അപേക്ഷിക്കാൻ നിങ്ങൾക്ക് അർഹതയുണ്ടെങ്കിലും വ്യവസ്ഥ നിലനിൽക്കുന്നതിനാൽ ഇവയിൽ ഒന്നിനുമാത്രമേ അപേക്ഷിക്കാനാവൂ.

മൊത്തം ആറുപേപ്പറാണ് രണ്ടുപരീക്ഷയ്ക്കും ഉള്ളത്. അതിൽ ജനറൽ ഇംഗ്ലീഷ്, ജനറൽ സ്റ്റഡീസ് എന്നീ പേപ്പറുകൾ രണ്ടിനും പൊതുവായിട്ടുള്ളവയായിരിക്കും. ഐ.ഇ.എസിന് ജനറൽ ഇക്കണോമിക്സിലെ മൂന്നും ഇന്ത്യൻ ഇക്കണോമിക്സിലെ ഒരുപേപ്പറും ഉണ്ടാകും. ഐ.എസ്.എസിന് സ്റ്റാറ്റിസ്റ്റിക്സിലെ നാലുപേപ്പർ ഉണ്ടാകും. പരീക്ഷകളുടെ വിശദമായ സിലബസ് വിജ്ഞാപനത്തിൽ പരിശോധിക്കുക. അതിന്റെ അടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിനാണോ ഇക്കണോമിക് സർവീസിനാണോ അപേക്ഷിക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

Content Highlights: Eligibility criteria for IES and ISS, UPSC