ask expertകീം അപേക്ഷ നല്‍കുമ്പോള്‍ ഇ.ഡബ്ല്യു.എസ്. സംവരണം ലഭിക്കാന്‍ എപ്പോള്‍, എങ്ങനെ, അപേക്ഷിക്കണം? ഇതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? -അഖില്‍, കാസര്‍കോട്

ജനറല്‍ കാറ്റഗറിയില്‍പ്പെടുന്ന സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്- ഇ.ഡബ്ല്യു.എസ്.) 10 ശതമാനം സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കേരള സര്‍ക്കാരിന്റെ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് (റൂള്‍സ്) വകുപ്പിന്റെ 3.1.2020-ലെ (പി) 1/2020/പി ആന്‍ഡ് എ.ആര്‍.ഡി. ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട് (കീം 2020 പ്രോസ്പക്ടസ് ക്ലോസ് 4.3).

ഈ ക്വാട്ടയിലേക്കു പരിഗണിക്കപ്പെടാന്‍ നിശ്ചിത മാതൃകയില്‍ വില്ലേജ് ഓഫീസറില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിനു നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്ന് അപേക്ഷ വിളിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇ.ഡബ്ല്യു.എസ്. സംവരണത്തിനുള്ള സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ അപ്ലോഡ് ചെയ്യേണ്ടതില്ല.

സര്‍ക്കാര്‍ ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ് *ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന നാലുലക്ഷം രൂപവരെ വാര്‍ഷിക കുടുംബവരുമാനമുള്ളവര്‍ക്കേ ഈ സംവരണത്തിന് അര്‍ഹതയുള്ളൂ *കുടുംബവരുമാനം കണക്കാക്കുമ്പോള്‍ ചില ഇനങ്ങള്‍ ഒഴിവാക്കും

*അപേക്ഷിക്കുന്ന വര്‍ഷത്തിനു തൊട്ടുതലേ സാമ്പത്തിക വര്‍ഷത്തെ വരുമാനമാണ് ഇതിനായി പരിഗണിക്കുക

*അപേക്ഷകന് ഗ്രാമപ്പഞ്ചായത്തില്‍ രണ്ടരഏക്കറിലോ, മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലോ കോര്‍പ്പറേഷനില്‍ 50 സെന്റിലോ കൂടുതല്‍ കുടുംബ ഭൂസ്വത്ത് ഉണ്ടായിരിക്കരുത് *കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ് പ്ലോട്ട് മുനിസിപ്പാലിറ്റിയില്‍ 20 സെന്റിലോ, കോര്‍പ്പറേഷനില്‍ 15 സെന്റിലോ കൂടുതല്‍ ആയിരിക്കരുത്. ഇതിന്റെയൊക്കെ വിശദാംശങ്ങള്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ കാണേണ്ടതാണ്.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: Eligibility Criteria for EWS Quota in KEAM