പ്ലസ് ടു പഠിക്കുന്നു. എയിംസില്‍ ഡിഗ്രി നഴ്‌സിങ് പഠിക്കാന്‍ താത്പര്യമുണ്ട്. പ്രവേശനം നേടേണ്ടത് എങ്ങനെ?

-നിവേദിത, എറണാകുളം

യിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ദിയോഗര്‍, ജോധ്പുര്‍, നാഗ്പുര്‍, പട്‌ന, റായ്പുര്‍, ഋഷികേശ് എന്നീ കേന്ദ്രങ്ങളില്‍ നാലുവര്‍ഷത്തെ ബി.എസ്സി. ഓണേഴ്‌സ് നഴ്‌സിങ് പ്രോഗ്രാം നടത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം. അപേക്ഷാര്‍ഥിക്ക് പ്രവേശനവര്‍ഷം ഡിസംബര്‍ 31-ന്, 17 വയസ്സുണ്ടാകണം.

പ്ലസ് ടു തല പരീക്ഷ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് വിജയിക്കണം. ഈ നാലുവിഷയങ്ങള്‍ക്കുംകൂടി 55 ശതമാനം മാര്‍ക്ക് (പട്ടികവിഭാഗക്കാര്‍ക്ക് 50 ശതമാനം) വേണം. പ്രവേശനവര്‍ഷത്തെ തൊട്ടു തലേ അക്കാദമിക് വര്‍ഷത്തില്‍ 12-ല്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സീറ്റ് അലോക്കേഷന്‍ വേളയില്‍, യോഗ്യത തെളിയിക്കണം.

പൊതുപ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍നിന്നു 30 വീതവും ജനറല്‍ നോളജില്‍നിന്നു പത്തും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. പ്രത്യേക സിലബസ് ഇല്ല. ചോദ്യങ്ങള്‍ പ്ലസ് ടു നിലവാരത്തിലുള്ളത്.

അപേക്ഷ പ്രോസ്‌പെക്ടീവ് ആപ്ലിക്കന്റ്‌സ് അഡ്വാന്‍സ്ഡ് രജിസ്‌ട്രേഷന്‍ (പി. എ.എ.ആര്‍.) സംവിധാനം വഴി നല്‍കണം. ഇതില്‍ രണ്ടുഘട്ടങ്ങള്‍. ആദ്യം ബേസിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കുന്നവരുടെ, അപേക്ഷയുടെ സ്ഥിതി പ്രസിദ്ധപ്പെടുത്തും. അപാകം ഉണ്ടെങ്കില്‍ തിരുത്താന്‍ അവസരം കിട്ടും. അന്തിമമായി സ്വീകരിച്ച ബേസിക് രജിസ്‌ട്രേഷനുകളുടെ വിവരം പ്രസിദ്ധപ്പെടുത്തും. ബേസിക് രജിസ്‌ട്രേഷന്‍ സ്വീകരിക്കപ്പെട്ടവര്‍ക്ക്, പ്രഖ്യാപിക്കുന്ന സമയത്ത് ഫൈനല്‍ രജിസ്‌ട്രേഷന്‍ നടത്താം. ഈ ഘട്ടത്തില്‍ ഒരു കോഡ് രൂപപ്പെടുത്തി, പരീക്ഷാഫീസടച്ച്, പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്ത്, ഫൈനല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

ഫലപ്രഖ്യപനത്തിനുശേഷം, ഓണ്‍ലൈന്‍ സീറ്റ് അലോക്കേഷന്‍ പ്രക്രിയ വഴി അലോട്ട്‌മെന്റ് നടത്തും. 2021 പ്രവേശനത്തിനു ബാധകമായ വ്യവസ്ഥകളാണ് ഇവിടെ നല്‍കിയത്. വിവരങ്ങള്‍ക്ക്: www.aiimsexams.ac.in

Content Highlights: eligibilities for joining degree nursing in AIMS