കേരളത്തിലെ ഹൈസ്‌കൂളുകളില്‍ ഗണിതശാസ്ത്ര അധ്യാപകനിയമനത്തിന് വേണ്ട വിദ്യാഭ്യാസയോഗ്യത എന്താണ്?

വിജിത, കോഴിക്കോട്

മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് മുഖ്യവിഷയമായുള്ള ബാച്ചിലര്‍ ബിരുദവും ബന്ധപ്പെട്ട വിഷയത്തിലെ ബി.എഡ്./ബി.ടി. ബിരുദവും വേണം. രണ്ടു ബിരുദങ്ങളും കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചതാകണം.

കൂടാതെ കേരളസര്‍ക്കാര്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെടെറ്റ്) യോഗ്യതയും വേണം. ബന്ധപ്പെട്ട വിഷയത്തില്‍ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സിടെറ്റ്), നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) എന്നിവയിലൊന്നില്‍ യോഗ്യത നേടിയവര്‍, ബന്ധപ്പെട്ട വിഷയത്തില്‍ എം.ഫില്‍, പിഎച്ച്.ഡി എന്നിവയില്‍ ഏതെങ്കിലും ഒരു ബിരുദമുള്ളവര്‍, ഏതെങ്കിലുംവിഷയത്തില്‍ എം.എഡ്. ബിരുദമുള്ളവര്‍ എന്നിവരെ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടുന്നതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ (എന്‍.സി.ഇ.ആര്‍.ടി.) കീഴിലുള്ള റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനില്‍ (ആര്‍.ഐ.ഇ.) നിന്നും ഫിസിക്‌സ്/കെമിസ്ട്രി/ മാത്തമാറ്റിക്‌സ് ബി. എസ്‌സി.എഡ്. ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്./ ബി.ടി. ഉള്ള, മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.

Content Highlights: Educational Qualifications for the Appointment of Mathematics Teachers