പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. ആര്‍മിയില്‍ ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നു. പ്രത്യേക എന്‍ട്രന്‍സ് ഉണ്ടോ. എങ്ങനെയാണ് പ്രവേശനം?- ശ്രീലക്ഷ്മി എസ്. കുമാര്‍, കോട്ടയം
പ്ലസ്ടു പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി എം.ബി.ബി.എസ്. പൂര്‍ത്തിയാക്കി ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസില്‍ കമ്മിഷന്‍ഡ് റാങ്കോടെ ഡോക്ടറാവാം. ഇതിന് ആദ്യഘട്ടം കടക്കാന്‍ നീറ്റ് യു.ജി. യോഗ്യത നേടണം. അതില്‍ കാറ്റഗറിയനുസരിച്ച് നിശ്ചിത കട്ട് ഓഫ് പെര്‍സന്‍ടൈല്‍ സ്‌കോര്‍ നേടണം. നീറ്റ് വെബ് സൈറ്റ്: http://ntaneet.nic.in/
നീറ്റ് ഫലംവന്ന ശേഷം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) എം.ബി.ബി.എസ്./ബി.ഡി.എസ്. കൗണ്‍സലിങ് ആരംഭിക്കുമ്പോള്‍ അവയ്‌ക്കൊപ്പം എ.എഫ്.എം.സി. പ്രവേശനത്തിനുള്ള നടപടികളും ആരംഭിക്കും. ഈ ഘട്ടത്തില്‍ എ.എഫ്.എം.സി. പ്രവേശനത്തിനുള്ള താത്പര്യം എം.സി.സി. വെബ്‌സൈറ്റ് വഴി നല്‍കാം. ഇപ്രകാരം എ.എഫ്.എം.സി. ചോയ്‌സ് നല്‍കുന്നവരുടെ പട്ടിക എം.സി.സി., എ.എഫ്.എം.സി.ക്ക് കൈമാറും. എം.സി.സി. വെബ് സൈറ്റ്: https://mcc.nic.in/UGCounselling/
ലഭ്യത പരിഗണിച്ച് നിശ്ചിത എണ്ണം അപേക്ഷകരെ ഈ പട്ടികയില്‍ നിന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പിനായി എ.എഫ്.എം.സി. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. രണ്ടാം റൗണ്ടിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടാനുള്ള കട്ട് ഓഫ് സ്‌കോര്‍ ഓരോ വര്‍ഷവും മാറും. ആ വര്‍ഷത്തെ അപേക്ഷകരുടെ മാര്‍ക്ക് രീതി ആശ്രയിച്ചിരിക്കും ഇത്. 2020ലെ പ്രവേശനത്തിന് നീറ്റിലെ കട്ട് ഓഫ് സ്‌കോര്‍ ആണ്‍കുട്ടികള്‍ക്ക് 618 മാര്‍ക്കും പെണ്‍കുട്ടികള്‍ക്ക് 637 മാര്‍ക്കും ആയിരുന്നു.
2019-ല്‍ ഇത് യഥാക്രമം, 596 മാര്‍ക്കും 610 മാര്‍ക്കും 2018ല്‍ ഇരു വിഭാഗങ്ങള്‍ക്കും 551 ഉം ആയിരുന്നു.
തുടര്‍ന്ന് ഇവര്‍ക്കായി എ.എഫ്.എം.സി. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടത്തും. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹന്‍ഷന്‍ ലോജിക് ആന്‍ഡ് റീസണിങ് (ടി.ഒ.ഇ.എല്‍.ആര്‍.) എന്ന കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (80 മാര്‍ക്ക്), സൈക്കോളജിക്കല്‍ അസസ്‌മെന്റ് ടെസ്റ്റ്, ഇന്റര്‍വ്യൂ (50 മാര്‍ക്ക്) എന്നിവ ഈഘട്ടത്തില്‍ നടത്തും.
നീറ്റ്, ടി.ഒ.ഇ.എല്‍.ആര്‍, ഇന്റര്‍വ്യൂ സ്‌കോറുകള്‍ നിശ്ചിത രീതിയില്‍ കണക്കാക്കി റാങ്ക് പട്ടിക തയ്യാറാക്കും. മൊത്തം 145 സീറ്റ്. 115 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസില്‍ കമ്മിഷന്‍ഡ് റാങ്കോടെ ഡോക്ടറായി നിയമിക്കും. എ.എഫ്.എം.സി. വെബ്‌സൈറ്റുകള്‍: www.afmc.nic.in.
എ.എഫ്.എം.സി. അല്ലാതെ മറ്റു സ്ഥാപനങ്ങളില്‍ നിന്നും എം.ബി.ബി.എസ്. ബിരുദമെടുത്തവര്‍ക്ക് ആംഡ് ഫോര്‍ഴ്‌സസ് മെഡിക്കല്‍ സര്‍വീസസില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (എസ്.എസ്.സി.) ഓഫീസര്‍ ആകാന്‍ അവസരമുണ്ട്. ഇതിന് പ്രത്യേകം വിജ്ഞാപനം വരും. ഫൈനല്‍ എം.ബി.ബി.എസ്. പരീക്ഷ ആദ്യ/രണ്ടാം ശ്രമത്തില്‍ ജയിച്ചിരിക്കണം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും.
Content Highlights: Doctor in Indian army how to apply, Ask expert