ഈ വര്‍ഷത്തെ നീറ്റ് യു.ജി./കീം അപേക്ഷ നല്‍കിയിട്ടുണ്ട്. നീറ്റ് യോഗ്യത നേടി. കീം റാങ്ക് പട്ടികയിലുണ്ട്. കേരളത്തില്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പ്രവേശനം നേടാന്‍ ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണോ?

വിനീത, മലപ്പുറം

കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് കേരളീയര്‍ക്കാണ് അര്‍ഹതയുള്ളത്. കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ നല്‍കുന്ന വേളയിലാണ്, കേരളീയന്‍ അവകാശവാദം ഉന്നയിക്കുന്നവര്‍ അതിനുവേണ്ട രേഖകള്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്കു നല്‍കേണ്ടത്. അപേക്ഷാര്‍ഥിയോ അപേക്ഷാര്‍ഥിയുടെ അച്ഛനോ അമ്മയോ കേരളത്തിലാണ് ജനിച്ചതെങ്കില്‍ കേരളീയനായി പരിഗണിക്കും. അതിനായി, കീം2021 പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ള രേഖകളിലൊന്ന് നല്‍കണമായിരുന്നു. നല്‍കുന്ന രേഖയില്‍ അപേക്ഷാര്‍ഥിയുടെ കേരളത്തിലെ ജനനസ്ഥലം വ്യക്തമാക്കണം. അച്ഛന്റെയോ അമ്മയുടെയോ കേരളത്തിലെ ജനനസ്ഥലം വ്യക്തമാക്കുന്ന രേഖയാണ് ഈ ആനുകൂല്യത്തിനായി നല്‍കുന്നതെങ്കില്‍ അപേക്ഷാര്‍ഥിയും ആരുടെ രേഖയാണോ നല്‍കുന്നത് ആ വ്യക്തിയും (അച്ഛന്‍/അമ്മ) തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഔദ്യോഗിക അനുബന്ധരേഖയും നല്‍കണമായിരുന്നു.

ഈ രേഖകള്‍ പരിശോധിച്ചാണ് കേരളീയന്‍ എന്ന ആനുകൂല്യം അനുവദിക്കുന്നത്. പരിശോധനയുടെ അടിസ്ഥാനത്തില്‍ കേരളീയന്‍ ആയി പരിഗണിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് അവരുടെ ഹോം പേജില്‍ 'നേറ്റിവിറ്റി' എന്ന എന്‍ട്രിക്കുനേരെ 'കേരളൈറ്റ്' എന്ന രേഖപ്പെടുത്തല്‍ ഉണ്ടാകും. ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നീറ്റ് യു.ജി. 2021 യോഗ്യതയ്ക്കു വിധേയമായി, കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് അര്‍ഹതയുണ്ട്. നിങ്ങള്‍ സംവരണ ആനുകൂല്യമുള്ള ഒരു വിദ്യാര്‍ഥിയാണെങ്കില്‍ ആ രേഖപ്പെടുത്തലും ഹോം പേജില്‍ കാറ്റഗറി റിസര്‍വേഷന്‍/സ്‌പെഷ്യല്‍ റിസര്‍വേഷന്‍ തുടങ്ങിയ ഭാഗങ്ങളില്‍ രേഖപ്പെടുത്തിയിരിക്കും.

നല്‍കിയ രേഖകളുടെ സാധുത പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യങ്ങളെല്ലാം അപേക്ഷകര്‍ക്ക് അനുവദിക്കുന്നത്.

അവകാശവാദങ്ങള്‍ അംഗീകരിക്കപ്പെട്ടവര്‍ക്ക് അലോട്ട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റോ മറ്റു പുതിയ രേഖകളോ ഒന്നുംതന്നെ പിന്നീട് നല്‍കേണ്ടതില്ല. പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമ്പോള്‍, താത്പര്യമുള്ള കോളേജുകളിലേക്കും കോഴ്‌സുകളിലേക്കും ഓപ്ഷന്‍ നല്‍കിയാല്‍ മതി. അര്‍ഹതയ്ക്കു വിധേയമായി (റാങ്ക്, സംവരണ ആനുകൂല്യം, ചോയ്‌സ്/ഓപ്ഷന്‍, സീറ്റ് ലഭ്യത) നിങ്ങളെ അലോട്ട്‌മെന്റിനായി പരിഗണിക്കും. അലോട്ട്‌മെന്റ് ലഭിച്ചാല്‍ സമയപരിധിക്കകം ഫീസടച്ച്, പ്രവേശനം നേടാന്‍ ശ്രദ്ധിക്കണം.

പ്രവേശനത്തിനായി കോളേജില്‍ പോകുമ്പോള്‍, പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുള്ള പട്ടികപ്രകാരമുള്ള രേഖകളും കൊണ്ടുപോകണം.

Content Highlights: Kerala MBBS admission