കേരളത്തില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ട്‌മെന്റ് വഴി സ്വാശ്രയകോളേജില്‍ എന്‍ജിനിയറിങ് പ്രവേശനം എടുത്തശേഷം അഡ്മിഷന്‍ റദ്ദുചെയ്താല്‍ അടച്ച ഫീസ് തിരികെ കിട്ടുമോ? ലിക്വിഡേറ്റഡ് ഡാമേജസ് നല്‍കണോ?

നീലിമ, മലപ്പുറം.

കേരളത്തില്‍ 2021ലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രോസ്പക്ടസിലെ ക്ലോസ് 12.2.2 (a) (പേജ് 50) ല്‍, എന്‍ജിനിയറിങ് പ്രവേശനത്തിനു ബാധകമായ ഫീ റീഫണ്ട് വ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) നിയന്ത്രണത്തിലുള്ള എന്‍ജിനിയറിങ് കോഴ്‌സുകളുമായി ബന്ധപ്പെട്ട ഫീസ് റീഫണ്ട് അര്‍ഹത, 202122ലെ എ.ഐ.സി.ടി.ഇ. അപ്രൂവല്‍ ഹാന്‍ഡ് ബുക്കിലുള്ള ഫീസ് റീഫണ്ട് വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും.

ക്ലോസ് 12.2.2 (a) (i) പ്രകാരം, കോഴ്‌സ് തുടങ്ങുന്നതിനുമുമ്പ് വിദ്യാര്‍ഥി പ്രവേശനം റദ്ദു ചെയ്താല്‍, അടച്ച ഫീസില്‍നിന്നും പ്രോസസിങ് ഫീസായി പരമാവധി 1000 രൂപ എടുത്തശേഷം, ബാക്കി തുക സ്ഥാപനം തിരികെനല്‍കണം. യാതൊരു കാരണവശാലും വിദ്യാര്‍ഥിയുടെ അസല്‍ സ്‌കൂള്‍/ ഇന്‍സ്റ്റിറ്റിയൂഷന്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കാന്‍ പാടില്ല. കോഴ്‌സില്‍ പ്രവേശനം നേടിയശേഷം വിദ്യാര്‍ഥി സ്ഥാപനം വിട്ടുപോവുകയും അങ്ങനെവന്ന ഒഴിവില്‍ പ്രവേശനത്തിനുള്ള അവസാനതീയതിക്കകം മറ്റൊരു വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കുകയും ചെയ്താല്‍ പ്രോസസിങ് ഫീസായി, പരമാവധി 1000 രൂപ എടുത്തശേഷം, ബാക്കി തുക സ്ഥാപനം തിരികെ നല്‍കണം. ബാധകമെങ്കില്‍, പ്രതിമാസഫീസ്, ഹോസ്റ്റല്‍വാടക എന്നിവയില്‍ ആനുപാതികമായി തുക പിടിച്ച് ബാക്കി തിരികെനല്‍കണം.

ഒഴിവുവന്ന സീറ്റ് നികത്താന്‍ കഴിയാതെവന്നാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങിയിട്ടുള്ള പക്ഷം അതും ഒറിജിനല്‍രേഖകളും തിരികെ നല്‍കണം [ക്ലോസ് 12.2.2 (a) (ii)]. പ്രവേശനം, ഏതുസമയത്തു റദ്ദു ചെയ്താലും ബാക്കിയുള്ള വര്‍ഷങ്ങളിലെ ഫീസ്, ഈടാക്കാന്‍ പാടില്ല [ക്ലോസ് 12.2.2 (a) (iii)]. ഫീസ് റീഫണ്ടും സര്‍ട്ടിഫിക്കറ്റുകളുടെ തിരികെ നല്‍കലും ഏഴുദിവസത്തിനകം പൂര്‍ത്തിയാക്കണം [ക്ലോസ് 12.2.2 (a) (iii)]. എ.ഐ.സി.ടി.ഇ. നിയന്ത്രിത കോഴ്‌സുകളുടെ കാര്യത്തില്‍ മുകളില്‍ സൂചിപ്പിച്ച വ്യവസ്ഥകള്‍ മാത്രമാണ് ബാധകം. അതിനാല്‍ അവയിലെ അഡ്മിഷന്‍ റദ്ദു ചെയ്താല്‍ ലിക്വിഡേറ്റഡ് ഡാമേജസ് നല്‍കേണ്ടിവരില്ല.

Content Highlights: Details About Engineering Admission Fee refund