കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) യു.ജി. പ്രോസ്‌പെക്ടസ് എവിടെ കിട്ടും. വെബ്‌സൈറ്റില്‍ യു.ജി. കോഴ്‌സുകളുടെ വിവരം കാണുന്നില്ല. വിശദാംശങ്ങള്‍ നല്‍കുമോ

-ധന്യ, കാസര്‍കോട്

ണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് ആണ് ദേശീയ നിയമസര്‍വകലാശാലകളിലെ യു.ജി./പി.ജി. നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) നടത്തുന്നത്. വെബ്‌സൈറ്റ് https://consortiumofnlus.ac.in.

ഈ പരീക്ഷയ്ക്ക് പൊതുവായ ഒരു പ്രോസ്‌പെക്ടസ് പ്രസിദ്ധപ്പെടുത്താറില്ല. അതുകൊണ്ട് ഓരോ സ്ഥാപനത്തിലും ലഭ്യമായ കോഴ്‌സുകളുടെ പൊതുപട്ടിക അപേക്ഷാര്‍ഥികള്‍ക്ക് ഈ സൈറ്റില്‍ കാണാന്‍ കഴിയില്ല. എന്നാല്‍, 22 ദേശീയ നിയമസര്‍വകലാശാലകളുടെ വെബ്‌സൈറ്റ് ലിങ്കും ബ്രോഷറും ഈ സൈറ്റിലെ 'പാര്‍ട്ടിസിപ്പേറ്റിങ് യൂണിവേഴ്‌സിറ്റീസ്' എന്ന ലിങ്കിലൂടെ കണ്ടെത്താം. ഇപ്രകാരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഓരോ ബ്രോഷറും (മൊത്തം 22 എണ്ണം) പരിശോധിച്ച് യു.ജി/പി.ജി. കോഴ്‌സുകളെക്കുറിച്ചുള്ള വിവരം കണ്ടെത്താം.

കോഴ്‌സുകളുടെ ലഭ്യത സംബന്ധിച്ചുലഭിക്കുന്ന വിവരങ്ങള്‍ ഇവയാണ്:

അണ്ടര്‍ ഗ്രാജ്വേറ്റ് തലത്തില്‍ അഞ്ച് വ്യത്യസ്ത ഓണേഴ്‌സ് പ്രോഗ്രാമുകളാണുള്ളത് -ബി.എ.എല്‍എല്‍.ബി., ബി.എസ്സി.എല്‍എല്‍.ബി., ബി.കോം.എല്‍എല്‍.ബി., ബി.ബി.എ.എല്‍എല്‍.ബി., ബി.എസ്.ഡബ്ല്യു.എല്‍എല്‍.ബി.

• ബി.എ.എല്‍എല്‍.ബി: എല്ലാ ദേശീയ നിയമസര്‍വകലാശാലകളിലും (22 എണ്ണം) ഉണ്ട്. പട്ടിക https://consortiumofnlus.ac.in ല്‍. നാഗ്പുരിലെ ബി.എ.എല്‍എല്‍.ബി. -അഡ്ജുഡിക്കേഷന്‍ ആന്‍ഡ് ജസ്റ്റിസിങ് പ്രോഗ്രാം പ്രവേശനത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റിങ് ക്ലാറ്റ് യു.ജി. റാങ്ക് പരിഗണിച്ചാണ്.

• ബി.എസ്സി.എല്‍എല്‍.ബി: ഗാന്ധിനഗര്‍, കൊല്‍ക്കത്ത, ഭോപാല്‍

• ബി.കോം.എല്‍എല്‍.ബി: ഗാന്ധിനഗര്‍, തിരുച്ചിറപ്പള്ളി

• ബി.ബി.എ.എല്‍എല്‍.ബി: ജോധ്പുര്‍, ഗാന്ധിനഗര്‍, പട്‌ന, കട്ടക്, ഷിംല, മുംബൈ, ഔറംഗാബാദ്, നാഗ്പുര്‍

• ബി.എസ്.ഡബ്ല്യു.എല്‍എല്‍.ബി: ഗാന്ധിനഗര്‍.

ഓരോ പ്രോഗ്രാമിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ സ്ഥാപനത്തിന്റെ ബ്രോഷര്‍, വെബ്‌സൈറ്റ് എന്നിവ കാണണം.

Content Highlights: details about common law admission test