പ്ലസ് ടു വിദ്യാര്‍ഥിയാണ്. ബി.ആര്‍ക്കിന് ചേരാന്‍ ആഗ്രഹിക്കുന്നു. എപ്പോള്‍ അപേക്ഷിക്കണം.

പ്രിയ, പാലക്കാട്

ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്.) അഞ്ചുവര്‍ഷ കോഴ്‌സില്‍ പ്രവേശനം തേടുന്നവര്‍ പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. വിവിധ പ്രവേശനപ്രക്രിയകള്‍ വഴി അഡ്മിഷന്‍ നേടാം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.കള്‍), കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ (ജി.എഫ്.ടി.ഐ.) എന്നിവിടങ്ങളിലെ ബി.ആര്‍ക്ക്. പ്രവേശനം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ പേപ്പര്‍ 2 എ (ബി.ആര്‍ക്ക്.) അടിസ്ഥാനമാക്കിയാണ്. 2021ല്‍ ഈ പരീക്ഷ രണ്ടുതവണ നടത്തി. ഭേദപ്പെട്ട പെര്‍സന്റൈല്‍ സ്‌കോര്‍ പരിഗണിച്ചാണ് റാങ്ക്പട്ടിക തയ്യാറാക്കിയത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ബി.ആര്‍ക്ക്. പ്രവേശനം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് വഴിയാണ്. ഈ പരീക്ഷയ്ക്ക് നേരിട്ട് പ്രവേശനമില്ല. ആദ്യം ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ 1 (ബി.ഇ./ബി.ടെക.്) അഭിമുഖീകരിച്ച്, ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് യോഗ്യത നേടണം. തുടര്‍ന്ന് അഡ്വാന്‍സ്ഡിന് രജിസ്റ്റര്‍ ചെയ്ത് യോഗ്യതാ മാര്‍ക്ക് നേടി റാങ്ക്പട്ടികയില്‍ ഇടം നേടണം. അതിനുശേഷം, ഐ.ഐ.ടി. നടത്തുന്ന ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് രജിസ്റ്റര്‍ചെയ്ത് യോഗ്യത നേടണം. ഈ ടെസ്റ്റിന് റാങ്കില്ല. യോഗ്യത നേടുന്നവരെ അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ച് പ്രവേശനത്തിന് പരിഗണിക്കും. ജെ.ഇ.ഇ. മെയിന്‍/ അഡ്വാന്‍സ്ഡ് വഴിയുള്ള പ്രവേശനങ്ങള്‍ ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) ആണ് നടത്തുന്നത്. വിവരങ്ങള്‍ക്ക്: www.nta.ac.in | www.jeemain.nta.nic.in | www.jeeadv.ac.in | www.josaa.nic.in

കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ വഴി നടത്തുന്ന ബി.ആര്‍ക്ക്. പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) യോഗ്യത നേടണം. 2021ല്‍ ഈ പരീക്ഷ രണ്ടുതവണ നടത്തി. വിവരങ്ങള്‍ക്ക്: www.nata.in

പ്ലസ് ടു പരീക്ഷയിലെ മൊത്തം മാര്‍ക്കിനും നാറ്റ സ്‌കോറിനും തുല്യ പരിഗണന നല്‍കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. നാറ്റ യോഗ്യത നേടുന്നതിനൊപ്പം കമ്മിഷണര്‍ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോള്‍ അപേക്ഷിക്കണം. റാങ്ക്പട്ടിക വന്നതിനുശേഷം അലോട്ട്‌മെന്റ് പ്രക്രിയയില്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യണം. കേരളത്തിലെ പ്രവേശനവ്യവസ്ഥകളും കോളേജ് വിവരങ്ങളും 2021ലെ അവസാന റാങ്കും അറിയാന്‍ www.cee.kerala.gov.in/, ceekerala.org കാണുക. 2022ലെ പ്രവേശനത്തിന് ഇതുവരെയും ഇവയില്‍ ഒന്നിന്റെയും വിജ്ഞാപനം വന്നിട്ടില്ല.

Content Highlights: Details About Bachelor of Architecture