ask expertപ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. ബിരുദതലത്തില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാQനാണ് താത്പര്യം. അതിന് ഏതെല്ലാംതരത്തിലുള്ള കോഴ്സുകളാണുള്ളത്? -ബിനില്‍, എറണാകുളം

കംപ്യൂട്ടര്‍ സയന്‍സ് മേഖലയില്‍ ബിരുദതല പഠനങ്ങള്‍ക്ക് മൂന്നുതരം കോഴ്‌സുകളെക്കുറിച്ചു ചിന്തിക്കാം.

ബിരുദതല പ്രൊഫഷണല്‍ പ്രോഗ്രാമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എന്‍ജിനിയറിങ് മേഖലയുമായി ബന്ധപ്പെട്ട നാലുവര്‍ഷ ബി.ടെക്. പ്രോഗ്രാമുണ്ട്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബ്രാഞ്ചാണ് പൊതുവേ ഉള്ളത്. ഇതില്‍ പൊതുവായ കോഴ്സുണ്ട്. വിവിധ സ്പെഷ്യലൈസേഷനുകള്‍ ഉള്ള കോഴ്സുകളും ഉണ്ട്.

ചില സ്പെഷ്യലൈസേഷനുകള്‍: ബയോഇന്‍ഫര്‍മാറ്റിക്സ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ബിസിനസ് സിസ്റ്റംസ്, ഡേറ്റാ സയന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ഡേറ്റാ അനലറ്റിക്സ്, നെറ്റ് വര്‍ക്കിങ് ആന്‍ഡ് സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഗെയ്മിങ് ടെക്നോളജി, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫൊറന്‍സിക്സ്, ബ്ലോക്ക് ചെയിന്‍ ടെക്നോളജി, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ആന്‍ഡ് റോബോട്ടിക്സ്, ക്ലൗഡ് കംപ്യൂട്ടിങ്, ബാങ്കിങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് തുടങ്ങിയവ.

കൂടാതെ കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, സോഫ്റ്റ് വെയര്‍ എന്‍ജിനിയറിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, ഡേറ്റാ സയന്‍സ് ആന്‍ഡ് എന്‍ജിയറിങ്, റോബോട്ടിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങിയവയിലും ബി.ടെക്. പ്രോഗ്രാമുകളുണ്ട്.

മൊബൈല്‍ കംപ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിങ് സ്പെഷ്യലൈസേഷന്‍ ഐ.ടി. ബി.ടെക്. ഉണ്ട്.

മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് സയന്‍സ് - കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബാച്ചിലര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് തുടങ്ങിയ കോഴ്‌സുകളെക്കുറിച്ചും ചിന്തിക്കാം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഈ കോഴ്സുകള്‍ പഠിക്കാം. കൂടാതെ ഡേറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലറ്റിക്സ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫൊറന്‍സിക്സ് തുടങ്ങിയവയിലും മള്‍ട്ടിമീഡിയ ആന്‍ഡ് അനിമേഷന്‍, ഡേറ്റാബേസ് സിസ്റ്റംസ് തുടങ്ങിയ സ്പെഷ്യലൈസേഷനുകളോടെയും ത്രിവത്സര ബാച്ചിലര്‍ പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്.

സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് തുടങ്ങിയ ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍ (ബി.വൊക്.) പ്രോഗ്രാമുകളും ഈ മേഖലയിലുണ്ട്.

(ആസ്‌ക് എക്‌സ്‌പേര്‍ട്ട് വഴി ചോദ്യങ്ങളയയ്ക്കാന്‍ english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Computer science courses for students, ask expert