മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദം ഉണ്ട്. എം.ഫിലിനു ചേരാൻ എന്താണ് ചെയ്യേണ്ടത്? കേരളത്തിൽ ഇതിനായി എവിടെയൊക്കെയാണ് കോളേജ് ഉള്ളത്?-തീർഥ, കോഴിക്കോട്

കാലിക്കറ്റ്, കേരള സർവകലാശാലകളുടെ 2020-ലെ എം.ഫിൽ പ്രവേശന വിജ്ഞാപനങ്ങൾ പ്രകാരം ഒരുവർഷം (രണ്ടു സെമസ്റ്റർ) ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ഫിലോസഫി (എം.ഫിൽ) പ്രോഗ്രാമിന് അപേക്ഷിക്കാൻ കുറഞ്ഞത് 55 ശതമാനം മാർക്കോടെ/യു.ജി.സി.യുടെ ഏഴ് പോയന്റ് സ്കെയിലിൽ ഗ്രേഡ് ബിയോടെയുള്ള മാസ്റ്റേഴ്സ് ബിരുദം വേണം. പട്ടിക/ഒ.ബി.സി./ഭിന്നശേഷിക്കാർക്ക് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് മതിയാകും. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാൻ അവസരം നൽകാറുണ്ട്.

രണ്ടിടത്തും പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. ബന്ധപ്പെട്ട പി.ജി. സിലബസ് അടിസ്ഥാനമാക്കി 50 ശതമാനം വീതം ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. കാലിക്കറ്റ് സർവകലാശാലയിൽ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടാൻ 40 ശതമാനം മാർക്ക് ലഭിക്കണം. ഇതിൽ, ലഭിക്കുന്ന മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുക. യു.ജി.സി.-സി.എസ്.ഐ.ആർ- ഫെലോഷിപ്പ് ഉള്ളവരെ പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള സർവകലാശാലയിൽ യോഗ്യതാപരീക്ഷാ മാർക്കിന് 40-ഉം പ്രവേശനപരീക്ഷാ മാർക്കിന് 50-ഉം ഇന്റർവ്യൂ മാർക്കിന് 10-ഉം ശതമാനം വെയ്റ്റേജ് നൽകിയാണ് റാങ്ക്പട്ടിക തയ്യാറാക്കുക.

കോഴിക്കോട് സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും (ഇവയിൽ മാത്തമാറ്റിക്സ് ഉൾപ്പെടുന്നു), ചിറ്റൂർ ഗവൺമന്റ് കോളേജിലും എം.ഫിൽ പ്രോഗ്രാം ഉണ്ട്. www.cuonline.ac.in ൽ ആണ് സാധാരണഗതിയിൽ വിജ്ഞാപനം വരിക.

കേരള സർവകലാശാലയുടെ പഠനവകുപ്പുകളിലും സർവകലാശാലയുടെ ചില കോളേജുകളിലും എം.ഫിൽ പ്രോഗ്രാം ഉണ്ട്. മാത്തമാറ്റിക്സ് എം.ഫിൽ സർവകലാശാലയുടെ കാര്യവട്ടം പഠനവകുപ്പിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമുണ്ട്. https://admissions.keralauniversity.ac.in ൽ വിജ്ഞാപനം പ്രതീക്ഷിക്കാം. രണ്ടിടത്തും 2021-ലെ പ്രവേശനത്തിനുള്ള അപേക്ഷ വിളിക്കുമ്പോൾ വ്യവസ്ഥകൾ പരിശോധിച്ച് അപേക്ഷിക്കുക.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Colleges in Kerala to study M.Phil in Mathematics