ask expertഓരോ എന്‍ജിനിയറിങ് ബ്രാഞ്ചും പഠിക്കാന്‍ (ബി.ടെക്.) ഏതെല്ലാം കോളേജുകളില്‍ അവസരമുണ്ട് എന്ന് പരിശോധിക്കാനുള്ള വെബ്‌സൈറ്റ് ഏതാണ്? -ഫിറോസ്, എറണാകുളം

രോ എന്‍ജിനിയറിങ് ബ്രാഞ്ചിന്റെയും ബി.ടെക്. പ്രോഗ്രാമുകള്‍ ഉള്ള രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും എല്ലാ വിവരങ്ങളും നേരിട്ടു നല്‍കുന്ന പൊതുവായ ഒരു വെബ്‌സൈറ്റ് ശ്രദ്ധയില്‍ വന്നിട്ടില്ല. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ (എ.ഐ.സി.ടി.ഇ.) വെബ്‌സൈറ്റില്‍ സംസ്ഥാനം തിരിച്ചുള്ള എന്‍ജിനിയറിങ് കോളേജുകള്‍, ഓരോന്നിലും ഉള്ള കോഴ്‌സുകള്‍ എന്നിവ ലഭ്യമാണ്.

www.aicte-india.org ലെ 'സ്റ്റാറ്റിസ്റ്റിക്‌സ്' എന്ന ലിങ്കില്‍, 'എ.ഐ.സി.ടി.ഇ. അപ്രൂവ്ഡ് യൂണിവേഴ്‌സിറ്റീസ്/ഇന്‍സ്റ്റിറ്റിയൂഷന്‍സ്' എന്ന ഉപ ലിങ്കില്‍ ഇത് കണ്ടെത്താം.

കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളുടെ പട്ടിക, സര്‍ക്കാര്‍, സര്‍ക്കാര്‍/സര്‍വകലാശാലാ നിയന്ത്രിതം, സ്വകാര്യ സ്വാശ്രയം എന്ന് തരംതിരിച്ച് പ്രോസ്പക്ടസില്‍ നല്‍കിയിട്ടുണ്ട്. ഓരോ കോളേജിനുനേരെയും അവിടെ ഏതൊക്കെ ബ്രാഞ്ചുകളിലെ ബി.ടെക്. പ്രോഗ്രാമുകള്‍ ഉണ്ട് എന്നും നല്‍കിയിട്ടുണ്ട്. 2020-ലെ പ്രോസ്പക്ടസ് http://cee-kerala.org യില്‍ കീം 2020 എന്ന ലിങ്കില്‍ കിട്ടും. https://cee.kerala.gov.in ല്‍ 'കീം 2020 ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍' ലിങ്ക് വഴിയും പ്രോസ്പക്ടസ് കിട്ടും.

കേരളത്തില്‍, ബ്രാഞ്ചു തിരിച്ച് കോളേജ് ലഭ്യത മനസ്സിലാക്കാന്‍, കഴിഞ്ഞവര്‍ഷത്തെ അലോട്ട്‌മെന്റിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അവസാനറാങ്ക് പട്ടിക പരിശോധിക്കാവുന്നതാണ്. ഇതില്‍ ഓരോ ബ്രാഞ്ചിലെയും ഗവണ്‍മെന്റ് (ജി), സര്‍ക്കാര്‍ സ്വാശ്രയം (എന്‍), സ്വകാര്യ സ്വാശ്രയം (എസ്) എന്നീ വിഭാഗങ്ങളിലെ കോളേജുകളും അലോട്ട്‌മെന്റിനു ശേഷമുള്ള അവസാനറാങ്ക് നിലയും നല്‍കിയിട്ടുണ്ട്.

http://cee-kerala.org ല്‍ കീം 2019 അലോട്ട്‌മെന്റ് ഡീറ്റൈല്‍സ്-ല്‍ 2019 ജൂലായ് 17-നു പ്രസിദ്ധപ്പെടുത്തിയ ലാസ്റ്റ് റാങ്ക് പട്ടിക പ്രകാരം കമ്മിഷണറുടെ അലോട്ട്‌മെന്റില്‍, അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ബി.ടെക്. പ്രോഗ്രാം, രണ്ടു സര്‍ക്കാര്‍ വിഭാഗം കോളേജുകളിലും ഒരു സര്‍ക്കാര്‍ നിയന്ത്രിതത്തിലും ഒമ്പത് സ്വകാര്യ സ്വാശ്രയത്തിലും ഉണ്ട്. ഇപ്രകാരം മറ്റു ബ്രാഞ്ചുകളുടെയും ലഭ്യത കണ്ടുപിടിക്കാം.

അഖിലേന്ത്യാ തലത്തില്‍ ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) നടത്തുന്ന ബി.ടെക്./ബി.ഇ. അലോട്ട്‌മെന്റിന്റെ സീറ്റ് ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ https://josaa.nic.in ല്‍ 'സീറ്റ് മട്രിക്‌സ്' ലിങ്കില്‍ ലഭ്യമാണ്. ഐ.ഐ.ടി,. എന്‍.ഐ.ടി., ഐ.ഐ.ഐ.ടി., ഗവണ്‍മന്റ് ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് ഇതിന്റെ പരിധിയില്‍ വരുന്നത്.

ഐ.ഐ.ടി.കളിലെ വിവിധ ബ്രാഞ്ച് ലഭ്യത സംബന്ധിച്ച വിവരം https://jee adv.ac.in ലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. കെമിക്കല്‍ എന്‍ജിനിയറിങ് 15-ഉം സിവില്‍ 19-ഉം ഐ.ഐ.ടി.കളില്‍ ഉണ്ട്. ഇവയൊക്കെ പരിശോധിക്കുക.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: Choose Engineering Branch Based on Aptitude