ask expert2020-ലെ നീറ്റ് യു.ജി., കീം എന്നിവയ്ക്ക് അപേക്ഷിച്ചു. പക്ഷേ, രണ്ടിനും നേറ്റിവിറ്റി തെളിയിക്കുന്ന രേഖ അപേക്ഷയ്‌ക്കൊപ്പം നല്‍കിയില്ല. ഇത് ഇനിയും നല്‍കാന്‍ കഴിയുമോ?- ജസ്ന, കൊല്ലം

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി.ക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷയ്‌ക്കൊപ്പം ഒരു രേഖയും നല്‍കേണ്ടതില്ല. ഇപ്പോള്‍ നല്‍കുകയും വേണ്ട. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നിങ്ങളുടെ അവകാശവാദങ്ങള്‍ താത്കാലികമായി അംഗീകരിക്കും. നീറ്റ് യോഗ്യത നേടുമ്പോള്‍ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി നടത്തുന്ന എല്ലാ നീറ്റ് അധിഷ്ഠിത അലോട്ട്മെന്റിലും നിങ്ങള്‍ക്കു പങ്കെടുക്കാം. അലോട്ട്മെന്റ് ലഭിച്ചാല്‍, കോളേജില്‍ പ്രവേശനത്തിനായി ചെല്ലുന്ന ഘട്ടത്തിലാണ് അവകാശവാദങ്ങള്‍ക്കു തെളിവായി അസല്‍ രേഖകള്‍ ഹാജരാക്കേണ്ടത്. അതിനു കഴിയുന്നില്ലെങ്കില്‍ അലോട്ട്മെന്റ് റദ്ദു ചെയ്തേക്കാം.

എന്നാല്‍, കീം അപേക്ഷാ നടപടിക്രമം വിഭിന്നമാണ്. കീം അപേക്ഷയ്‌ക്കൊപ്പം നേറ്റിവിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും എല്ലാവരും അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നു (മറ്റ് രേഖകളില്‍, അവകാശവാദങ്ങള്‍ക്കനുസരിച്ച്, ബാധകമായവമാത്രം നല്‍കിയാല്‍ മതിയായിരുന്നു). അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ അത് ഒരു അപാകതയാണ്. എന്നാല്‍,

പരീക്ഷയ്ക്കു മുമ്പുള്ള സൂഷ്മപരിശോധനാ വേളയില്‍ എന്‍ട്രന്‍സ് കമ്മീഷണറേറ്റ് ഓണ്‍ലൈന്‍ അപേക്ഷയിലെ അപാകതകള്‍, ചൂണ്ടിക്കാട്ടുന്നതാണ്. അപേക്ഷ നല്‍കിയ www.cee.kerala.gov.in ലെ കാന്‍ഡിഡേറ്റ്സ് പോര്‍ട്ടലിലെ അപേക്ഷാര്‍ഥിയുടെ ഹോം പേജില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടും. അപാകതകള്‍ ഉള്ളപക്ഷം അവ നിശ്ചിത സമയത്തിനകം പരിഹരിക്കണം. ഇതാണ് പ്രോസ്പക്ടസ് വ്യവസ്ഥ.

ഇക്കാര്യങ്ങള്‍ക്കായി എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസ് വിദ്യാര്‍ഥിക്ക് തപാലില്‍ മെമ്മോ ഒന്നും അയയ്ക്കില്ല. അതിനാല്‍ നിങ്ങളുടെ ഹോം പേജ് നിത്യേന സന്ദര്‍ശിക്കുക. അപാകത ചൂണ്ടിക്കാട്ടുമ്പോള്‍ അത് സമയപരിധിക്കകം പരിഹരിക്കുക.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍: english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Candidates need not to upload certificates along with NEET application