ask expertബി.എസ്‌സി. സുവോളജി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയാണ്. 'കീം' വഴിയുള്ള മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ കഴിയുമോ ?
- ആനന്ദ്, കോട്ടയം

പ്ലസ്ടു തലത്തിലെ യോഗ്യതവെച്ച് പ്രവേശനത്തിന് അര്‍ഹതയുള്ളവര്‍ക്ക് അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. ആ വ്യവസ്ഥ തൃപ്തിപ്പെടുത്താത്തവര്‍ക്ക് ബിരുദതല പഠനത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാന്‍ കഴിയും. പ്ലസ്ടു തലത്തില്‍ പഠിച്ച വിഷയങ്ങള്‍, ബിരുദതല പഠനത്തിലെ വിഷയങ്ങള്‍, മാര്‍ക്ക് എന്നിവ ഇതിന്റെ മാനദണ്ഡങ്ങളാണ്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം. തുടര്‍ന്ന്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോടെക്‌നോളജി എന്നിവയിലൊന്ന് മുഖ്യ/കോര്‍ വിഷയമായും ഇവയില്‍ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം സബ്‌സിഡിയറി/കോംപ്ലിമെന്ററി വിഷയങ്ങളായും ത്രിവത്സര ബി.എസ്സി. കോഴ്‌സില്‍ പഠിച്ചിരിക്കണം.

മെയിന്‍ വിഷയത്തിനും സബ്‌സിഡിയറി വിഷയങ്ങള്‍ക്കുംകൂടി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് നേടുകയും വേണം. ഇവര്‍ക്ക്, കേരളത്തില്‍ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്. കോഴ്‌സുകളിലെ പ്രവേശനത്തിന് അര്‍ഹതയുണ്ട്.

കീം 2020 പ്രോസ്‌പെക്ടസ് ക്ലോസ് 6.2.1 (c) (പേജ് 25)-ല്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥി 2020-ലെ നീറ്റ് യു.ജി. അഭിമുഖീകരിച്ചു യോഗ്യത നേടിയിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമാണിത്. എന്നാല്‍, ഈ വിഭാഗത്തില്‍ അപേക്ഷിക്കണമെങ്കില്‍, അപേക്ഷിക്കുന്ന വേളയില്‍ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. ബിരുദപരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കോ പരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കോ ഈ വ്യവസ്ഥപ്രകാരം അപേക്ഷിക്കാന്‍ കഴിയില്ലെന്ന് പ്രോസ്‌പെക്ടസ് ക്ലോസ് 6.2.7 (പേജ് 27) വ്യക്തമാക്കുന്നു.

അതായത്, കീം പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതിയില്‍ (ഫെബ്രുവരി 25) അപേക്ഷാര്‍ഥി യോഗ്യത തൃപ്തിപ്പെടുത്തണം. ബി.എസ്സി. സുവോളജി പ്രോഗ്രാമിന്റെ അന്തിമവര്‍ഷ വിദ്യാര്‍ഥി എന്ന നിലയില്‍ നിങ്ങള്‍ക്ക് ഫെബ്രുവരി 25-നകം യോഗ്യത നേടാന്‍ കഴിയില്ല. അതിനാല്‍ ഈ വ്യവസ്ഥപ്രകാരം കീം 2020 മെഡിക്കല്‍ പ്രവേശനത്തിന് ഈ വര്‍ഷം അപേക്ഷിക്കാന്‍ കഴിയില്ല. 2021-ല്‍ ഈ വ്യവസ്ഥ തുടര്‍ന്നാല്‍ മറ്റ് യോഗ്യതാ വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാന്‍ കഴിയും.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: Candidates completed their BSc Degree also can apply for MBBS Admissions through KEAM