സുവോളജി ബിരുദമെടുത്തു. 21 വയസ്സായി. എനിക്ക് നീറ്റ് എഴുതാന്‍ സാധിക്കുമോ? പ്രായപരിധി എത്രയാണ്?

-ഗോപിക, കൊല്ലം

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി.ക്കുള്ള വിദ്യാഭ്യാസയോഗ്യത ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി, മാത്തമാറ്റിക്‌സ്/ മറ്റേതെങ്കിലും ഇലക്ടീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് ഹയര്‍ സെക്കന്‍ഡറി/ സീനിയര്‍ സെക്കന്‍ഡറി പരീക്ഷ ജയിച്ചിരിക്കണം എന്നതാണ്. നീറ്റ് യു.ജി.യില്‍ യോഗ്യത നേടുന്നതിനൊപ്പം യോഗ്യതാപരീക്ഷാമാര്‍ക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തണം. പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് ഓരോന്നും ജയിച്ചിരിക്കണം. കൂടാതെ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ മൂന്നുവിഷയത്തിനുംകൂടി 50 ശതമാനം മാര്‍ക്കുണ്ടാവണം (സംവരണവിഭാഗങ്ങള്‍ക്ക് മാര്‍ക്കിളവുണ്ട്).

ബി.എസ്സി. ബിരുദം എടുത്തെങ്കിലും ഇവിടെ സൂചിപ്പിച്ച പ്ലസ്ടുതല യോഗ്യതയുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍, മറ്റുവ്യവസ്ഥകള്‍ക്കുവിധേയമായി ഇനിയും നീറ്റ് യു.ജി.ക്ക് അപേക്ഷിക്കാം. പ്ലസ്ടു തലത്തില്‍ സൂചിപ്പിച്ച വിഷയങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കിലും മാര്‍ക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തുന്നില്ലെങ്കില്‍, ബി.എസ്സി. ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാന്‍ കഴിയും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി)/ ബയോടെക്നോളജി എന്നീ വിഷയങ്ങളില്‍ രണ്ടെണ്ണമെങ്കിലും പഠിച്ച് അംഗീകൃത ബി.എസ്സി. പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് വ്യവസ്ഥ.

പ്ലസ്ടു തലത്തില്‍ സൂചിപ്പിച്ച വിഷയങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കിലും മാര്‍ക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തുന്നില്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങള്‍ പഠിക്കുന്ന അംഗീകൃത ത്രിവത്സര ബി.എസ്സി. ബിരുദകോഴ്സിന്റെ ആദ്യവര്‍ഷ സര്‍വകലാശാലാപരീക്ഷ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.

2021-ലെ നീറ്റ് യു.ജി. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍പ്രകാരം 31.12.2004നോ മുമ്പോ ജനിച്ചവര്‍ക്ക് 2021 നീറ്റ് യു.ജി. അഭിമുഖീകരിക്കാമായിരുന്നു. ഉയര്‍ന്ന പ്രായപരിധി പരീക്ഷാതീയതിയില്‍ 25 വയസ്സ് (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 30 വയസ്സ്) എന്നായിരുന്നു. പക്ഷേ, ഈ ഉയര്‍ന്ന പ്രായപരിധി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനാല്‍ 25 വയസ്സിനുമുകളില്‍ പ്രായമുള്ള വരെയും കോടതിവിധിക്കു വിധേയമായി നീറ്റ് യു.ജി. അഭിമുഖീകരിക്കാന്‍ അനുവദിക്കുന്നു.

2021-ലെ നീറ്റ് യു.ജി.യിലും 25 വയസ്സില്‍ കൂടുതലുള്ളവര്‍ക്കും താത്കാലിമായി പരീക്ഷ അഭിമുഖീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ 21 വയസ്സുമാത്രമുള്ളതിനാല്‍ 25 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ നീറ്റ് യു.ജി. അഭിമുഖീകരിക്കാന്‍ ഒരു തടസ്സവുമില്ല. (ഇത്ര തവണമാത്രമേ നീറ്റ് അഭിമുഖീകരിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ നിലവിലില്ല). ആ പ്രായം കഴിഞ്ഞുള്ള അര്‍ഹത ഇവിടെ സൂചിപ്പിച്ച പ്രായം സംബന്ധിച്ച പ്രശ്‌നത്തിലെ കോടതിവിധിക്കുവിധേയമായിരിക്കും.

Content Highlights: can we write NEET after graduation in zoology