സയന്‍സില്‍ ബി.എസ്സി ബിരുദമെടുത്ത ശേഷം പാരാമെഡിക്കല്‍ കോഴ്സ് പഠിക്കാന്‍ കഴിയുമോ?

സുധീര്‍, എറണാകുളം

വിവിധ സയന്‍സ് വിഷയങ്ങളില്‍ ബാച്ചിലര്‍ ബിരുദം എടുത്തവര്‍ക്ക് തുടര്‍ന്നു പഠിക്കാവുന്ന പാരാമെഡിക്കല്‍/അനുബന്ധ മേഖലയിലെ ചില സ്ഥാപനങ്ങള്‍, പ്രോഗ്രാമുകള്‍, പ്രവേശന യോഗ്യത:

1) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), റായ്പുര്‍

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ റേഡിയോതെറാപ്പി ടെക്‌നോളജി - ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്‌സ് പഠിച്ചുള്ള ബി.എസ്സി. 50 ശതമാനം മാര്‍ക്ക്

2) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ന്യൂഡല്‍ഹി

എം.എസ്സി. ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി - ബി.എസ്സി. ഫിസിക്‌സ്/കെമിസ്ട്രി/മാത്തമാറ്റിക്‌സ്; ഫിസിക്‌സ് ഒരു വിഷയമായുള്ള ലൈഫ് സയന്‍സസ് ബി.എസ്സി.

3) ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ടാറ്റാ മെമ്മോറിയല്‍ സെന്റര്‍, മുംബൈ

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി - ഏതെങ്കിലും വിഷയത്തില്‍ ബി.എസ്സി.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ റേഡിയോതെറാപ്പി ടെക്‌നോളജി - മൊത്തം 50 ശതമാനം മാര്‍ക്കോടെ, ബി.എസ്സി. ബിരുദം. ഫിസിക്‌സില്‍ 55 ശതമാനമെങ്കിലും മാര്‍ക്കു വേണം.

എം.എസ്സി. ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് മോളിക്യുലര്‍ ഇമേജിങ് ടെക്‌നോളജി - ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സുവോളജി, ബോട്ടണി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ബയോടെക്‌നോളജി, എന്നിവയിലൊന്നില്‍ ബി.എസ്സി. ബിരുദം. ഫിസിക്‌സ്/കെമിസ്ട്രി ബി.എസ്സി.ക്ക് പഠിച്ചിരിക്കണം.

4) ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം

ഇവിടെ ബി.എസ്സി. കഴിഞ്ഞവര്‍ക്ക് വിവിധ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍ പഠിക്കാന്‍ അവസരമുണ്ട്. പ്രോഗ്രാം, പ്രവേശന യോഗ്യത:

കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി - ബി.എസ്സി., ഫിസിക്‌സ് മേജര്‍/ആന്‍സിലിയറി.

ന്യൂറോ ടെക്‌നോളജി - ബി.എസ്സി. ഫിസിക്‌സ്/കെമിസ്ട്രി/ബയോളജിക്കല്‍ സയന്‍സസ്/ബയോടെക്‌നോളജി/കംപ്യൂട്ടര്‍ സയന്‍സ്

ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ - ബി.എസ്സി. - സുവോളജി മെയിന്‍/സബ്‌സിഡിയറി

ബ്ലഡ് ബാങ്കിങ് ടെക്‌നോളജി - ബയോളജിക്കല്‍ സയന്‍സിന്റെ ഏതെങ്കിലും ബ്രാഞ്ചില്‍ ബി.എസ്സി.

എല്ലാ കോഴ്സുകള്‍ക്കും യോഗ്യതാ പ്രോഗ്രാമില്‍ മൊത്തം 50 ശതമാനം മാര്‍ക്ക് വേണം.

5) വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിശ്ചിത വിഷയത്തില്‍ സയന്‍സ് ബിരുദം ഉള്ളവര്‍ക്ക് ഹിസ്റ്റോപത്തോളജിക്കല്‍ ലാബ് ടെക്‌നോളജി, കാര്‍ഡിയാക് ടെക്‌നോളജി എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. ഇവിടെയുള്ള എം.എസ്സി. ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി പ്രോഗ്രാമിന് ചില ഡിപ്ലോമ/പി.ജി. ഡിപ്ലോമ യോഗ്യതയുള്ള ബി.എസ്സി.ക്കാര്‍ക്ക് അപേക്ഷിക്കാം.

6) മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷനില്‍ എം.എസ്സി. പെര്‍ഫ്യൂഷന്‍ ടെക്നോളജി പ്രോഗ്രാമിലേക്ക്, സയന്‍സ് ബിരുദവും പെര്‍ഫ്യൂഷന്‍ ടെക്നോളജി ഡിപ്ലോമയും ഉള്ളവരെ പരിഗണിക്കും.

Content Highlights: can we opt for paramedical courses after bsc degree; ask expert