നീറ്റ് യു.ജി. 2021 റാങ്കുപ്രകാരം എം.സി.സി. കൗണ്‍സലിങ് വഴി സീറ്റു ലഭിച്ച് പ്രവേശനം നേടിയവര്‍ക്ക്, കേരള മെഡിക്കല്‍ റാങ്കുവെച്ച് പ്രവേശനപരീക്ഷാ കമ്മിഷണറുടെ അലോട്ട്‌മെന്റ് കിട്ടിയാല്‍ മാറാമോ?

-സൂസന്‍ തോമസ്, ആലപ്പുഴ

മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ (എം.സി.സി.) 2021-ലെ സീറ്റ് അലോട്ട്‌മെന്റ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പ്രസിദ്ധികരിച്ചിട്ടില്ല. വ്യത്യസ്ത സാഹചര്യങ്ങള്‍ പ്രക്രിയയില്‍ ഉണ്ടാകാം. അതനുസരിച്ചാണ് സാധ്യതകള്‍ വിലയിരുത്താന്‍ കഴിയുക.

മുന്‍വര്‍ഷങ്ങളിലെ സമയക്രമം അനുസരിച്ച് ആദ്യം നടത്തുക എം.സി.സി. ആദ്യറൗണ്ട് അലോട്ട്‌മെന്റ്് ആണ്. അതിനുശേഷമായിരിക്കും സംസ്ഥാനതല ആദ്യ റൗണ്ട്. അതുകഴിഞ്ഞ്, എം.സി.സി. രണ്ടാം റൗണ്ടും അതിനുശേഷം സംസ്ഥാനതല രണ്ടാംറൗണ്ടും നടത്തും.

എം.സി.സി. ആദ്യറൗണ്ട് അലോട്ട്‌മെന്റ് ലഭിച്ചാല്‍ അതു സ്വീകരിക്കാനും നിരാകരിക്കാനും സ്വാതന്ത്ര്യമുണ്ട്. എം.സി.സി. ആദ്യ റൗണ്ട് അലോട്ട്‌മെന്റിലുള്ള 'ഫ്രീ എക്‌സിറ്റ്' വ്യവസ്ഥപ്രകാരം, ആദ്യറൗണ്ട് സീറ്റ് സ്വീകരിച്ചില്ലെങ്കിലും പ്രക്രിയയില്‍ തുടരാം.

രണ്ടാംറൗണ്ടിലേക്ക് പുതിയ ചോയ്‌സ് നല്‍കി പങ്കെടുക്കാം. എന്നാല്‍, രണ്ടാംറൗണ്ടില്‍ ഒരു സീറ്റു ലഭിച്ചാല്‍ അതു സ്വീകരിക്കണം. സ്വീകരിച്ചുകഴിഞ്ഞാല്‍ മറ്റൊരു അലോട്ട്‌മെന്റ് പ്രക്രിയയിലും തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിയില്ല. സീറ്റ് സ്വീകരിച്ചില്ലെങ്കില്‍ അടച്ച സെക്യൂരിറ്റി തുക നഷ്ടപ്പെടും. പ്രക്രിയയില്‍നിന്നു പുറത്താകും. പക്ഷേ, മറ്റ് എം.സി.സി. ഇതര അലോട്ട്‌മെന്റുകളില്‍ പങ്കെടുക്കാം. എന്നാല്‍, തുടര്‍ന്നുനടക്കുന്ന എം.സി.സി. മോപ് അപ് റൗണ്ടില്‍ പങ്കെടുക്കണമെങ്കില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസും സെക്യൂരിറ്റി തുകയും വീണ്ടും അടയ്ക്കണം.

എം.സി.സി. ആദ്യറൗണ്ടിനുശേഷം, കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മിഷണറുടെ ആദ്യ അലോട്ട്‌മെന്റ് വരും. അതില്‍ സീറ്റുണ്ടെങ്കില്‍ സ്വീകരിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ പ്രക്രിയയില്‍നിന്നു പുറത്താകും. അങ്ങനെ വരുമ്പോള്‍ കേരള രണ്ടാംറൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടാകില്ല.

ആദ്യ കേരള അലോട്ട്‌മെന്റ് സ്വീകരിച്ചാലും രണ്ടാം എം.സി.സി. റൗണ്ടില്‍ പങ്കെടുക്കാം. അവിടെ രണ്ടാംറൗണ്ടില്‍ സീറ്റു ലഭിച്ചാല്‍, അതു സ്വീകരിക്കാന്‍ തീരുമാനിക്കുന്നപക്ഷം കേരളത്തിലെ ആദ്യറൗണ്ടിലെ സീറ്റ് വേണ്ടെന്നു വെക്കേണ്ടിവരും. അങ്ങനെ ചെയ്താല്‍, കേരള അലോട്ട്‌മെന്റില്‍നിന്നു പുറത്താകും.

രണ്ടാംറൗണ്ട് എം.സി.സി. സീറ്റ് സ്വീകരിച്ചാല്‍, അതിനുശേഷം മറ്റൊരു അലോട്ട്‌മെന്റിലും പങ്കെടുക്കാന്‍ അര്‍ഹതയില്ലാത്തതിനാലും കേരള അലോട്ട്‌മെന്റില്‍നിന്നു പുറത്തായതിനാലും കേരളത്തിലെ രണ്ടാംറൗണ്ടില്‍ പങ്കെടുക്കാനുള്ള അര്‍ഹത ഉദിക്കുന്നില്ല. രണ്ടാംറൗണ്ട് എം.സി.സി. സീറ്റ് സ്വീകരിക്കുന്നില്ലെങ്കില്‍ കേരളത്തിലെ രണ്ടാംറൗണ്ടില്‍ കണ്‍ഫര്‍മേഷന്‍ നടത്തി തുടരാം.

Content Highlights: can we move to entrance commissioner allotment after getting admitted according to neet rank