ask expertകംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ പഠനം കഴിഞ്ഞ് ബി.ടെക്കിന് പഠിക്കാന്‍ കഴിയുമോ? എങ്കില്‍ എങ്ങനെ? -ഐശ്വര്യ, ആലപ്പുഴ

പോളിടെക്നിക് ത്രിവത്സര ഡിപ്ലോമ ജയിച്ചവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീം അനുസരിച്ച് ബി.ടെക്. പ്രോഗ്രാമിന്റെ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നല്‍കുന്നുണ്ട്. പോളിടെക്നിക്കില്‍ പൂര്‍ത്തിയാക്കിയ ബ്രാഞ്ചുകള്‍ക്കനുസരിച്ച് ബി.ടെക്കിന് പരിഗണിക്കപ്പെടാവുന്ന ബ്രാഞ്ച്/ബ്രാഞ്ചുകള്‍ ഏതെന്നുള്ള തുല്യതാവ്യാവസ്ഥ പ്രവേശന പോസ്‌പെക്ടസില്‍ വ്യക്തമാക്കും.

കേരളത്തില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് 2019-ലെ ബി.ടെക്. - ലാറ്ററല്‍ എന്‍ട്രി പ്രവേശനം നടത്തിയത്. 2019-ലെ പ്രോസ്പക്ടസ് പ്രകാരം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്​വെയർ മെയിന്റനന്‍സ്/കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍ എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ ത്രിവത്സര ഡിപ്ലോമ എടുത്തവര്‍ക്ക്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ബി.ടെക്. പ്രോഗ്രാമുകളിലെ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അര്‍ഹതയുണ്ട്. കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍ മെയിന്റനന്‍സ് ഡിപ്ലോമക്കാരെ, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചിലേക്കും പരിഗണിക്കും.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. മാത്തമാറ്റിക്‌സ്, എന്‍ജിനിയറിങ് മെക്കാനിക്സ്, ഐ.ടി. ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, സിവില്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍

എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇംഗ്ലീഷ് എന്നിവയില്‍നിന്നുമായി 120 മാര്‍ക്കിനുള്ള ചോദ്യങ്ങളുള്ളതായിരിക്കും പ്രവേശനപരീക്ഷ.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://admissions.dtekerala.gov.in -ല്‍, 'B.Tech(LET)' ലെ 2019-ലെ പ്രവേശന പ്രോസ്‌പെക്ടസ് പരിശോധിക്കുക.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങൾ അയക്കാന്‍:  english.mathrubhumi.com/education/help-desk/ask-expert)

Content Highlights: BTech Lateral Entry Scheme Admission Criteria