പ്ലസ്ടു ബയോളജി സയൻസ് വിദ്യാർഥിനിയാണ്. ബെംഗളൂരു നിംഹാൻസിൽ ബി.എസ്സി. നഴ്സിങ് പഠിക്കണം. 2021 വർഷത്തേക്കുള്ള അഡ്മിഷൻ എന്നാണ്. എൻട്രൻസ് ഉണ്ടോ? -മെറിൻ ജോർജ്, വയനാട്

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെ (നിംഹാൻസ്) കീഴിലെ കോളേജ് ഓഫ് നഴ്സിങ് ബി.എസ്സി. നഴ്സിങ് പ്രോഗ്രാം നടത്തുന്നുണ്ട്. കോഴ്സ് ദൈർഘ്യം നാലുവർഷം. കൂടാതെ, ഒരുവർഷത്തെ കംപൾസറി ഇന്റേൺഷിപ്പ്.

2021-ലെ പ്രവേശനവിജ്ഞാപനം വന്നിട്ടില്ല. 2020-ലെ പ്രവേശനത്തിന് ജനുവരി/ഫെബ്രുവരി മാസങ്ങളിലായിരുന്നു അപേക്ഷ നൽകാൻ അവസരം ഉണ്ടായിരുന്നത്. ഓൾ ഇന്ത്യ കാറ്റഗറിയിലും കർണാടക ഡൊമിസൈൽ കാറ്റഗറിയിലും യഥാക്രമം 35, 50 സീറ്റ് (ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റൈപ്പെൻഡറി കാറ്റഗറി) വീതമുണ്ട്.

പ്രവേശനത്തിന് അപേക്ഷാർഥി ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് നാലിനുംകൂടി 45 ശതമാനം മാർക്കുവാങ്ങി ഹയർ സെക്കൻഡറി/തുല്യ പരീക്ഷ ജയിച്ചിരിക്കണം. പ്രായം 17-25. മെഡിക്കൽ ഫിറ്റ്നസ് ഉണ്ടാവണം.

നിംഹാൻസിലെ മറ്റു ബി.എസ്സി. പ്രോഗ്രാമുകൾക്കുകൂടി ബാധകമായ ഒരു പൊതു ഓൺലൈൻ പ്രവേശനപരീക്ഷ വഴിയായിരിക്കും പ്രവേശനം. കേരളത്തിൽ കൊച്ചി പരീക്ഷാ കേന്ദ്രമാണ്. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 100 മൾട്ടിപ്പിൾ ചോയ്സ്, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരം തെറ്റിയാൽ കാൽ മാർക്കുവീതം നഷ്ടപ്പെടും. ഓൺലൈൻ എൻട്രൻസ് ടെസ്റ്റിനു 15 ദിവസംമുമ്പ് 'മോക് ഡെമോ ടെസ്റ്റ് നിംഹാൻസ്' സൈറ്റിൽ ലഭ്യമാക്കും. വിശദാംശങ്ങൾ മനസ്സിലാക്കാൻ https://nimhans.ac.in കാണുക (ട്രെയിനിങ് ആൻഡ് അക്കാദമിക്സ്/അനൗൺസ്മെന്റ്സ് ലിങ്കുകൾ വഴി).

ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: BSc Nursing in Nimhans, ask expert