പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. നീറ്റ്, ഐ.സി.എ.ആര്‍. വഴി ലഭിക്കുന്ന അഗ്രിക്കള്‍ച്ചര്‍ കോഴ്സും സാധാരണ ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സും തമ്മിലുള്ള വ്യത്യാസവും സാധ്യതകളും കോളേജുകളും വ്യക്തമാക്കാമോ ? - മീനാക്ഷി, തിരുവനന്തപുരം
ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍ എന്ന പേരില്‍ രണ്ടുതരം കോഴ്സുകള്‍ ഇല്ല. അംഗീകൃത കേന്ദ്ര കാര്‍ഷികസര്‍വകലാശാലകളും സംസ്ഥാന കാര്‍ഷികസര്‍വകലാശാലകളുമാണ് നാലുവര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കള്‍ച്ചര്‍ കോഴ്സ് നടത്തുന്നത്. അടുത്ത കാലത്തായി ചില കല്പിത സര്‍വകലാശാലകളിലും ഈ കോഴ്സ് ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള അഗ്രിക്കള്‍ച്ചര്‍ കോളേജുകളിലാണ് (വെള്ളായണി, വെള്ളാനിക്കര, കാസര്‍കോട്, അമ്പലവയല്‍) ഈ കോഴ്സ് നടത്തുന്നത്. കേരള പ്രവേശനപരീക്ഷാ കമ്മിഷണറാണ് ഇതിലെ ഭൂരിപക്ഷം സീറ്റിലും പ്രവേശനം നല്‍കുന്നത്. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി.യില്‍ 720- ല്‍ 20 മാര്‍ക്ക് നേടുകയും പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തവരെ ഈ കോഴ്‌സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് തയ്യാറാക്കുന്ന റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും.
കേരളത്തില്‍ അമ്പലവയല്‍ ഒഴികെയുള്ള കോളേജുകളില്‍ ഈ പ്രോഗ്രാമിലെ 15 സീറ്റ് നികത്തുന്നത് ഐ.സി.എ.ആര്‍. - എന്‍.ടി.എ. അഗ്രിക്കള്‍ച്ചര്‍ യു.ജി. അഖിലേന്ത്യാ പരീക്ഷയില്‍ കൂടിയാണ്. ഈ പരീക്ഷയുടെ പരിധിയില്‍വരുന്ന അഗ്രിക്കള്‍ച്ചര്‍, അനുബന്ധകോഴ്‌സുകളുള്ള 59- ല്‍പ്പരം സര്‍വകലാശാലകളുടെ പട്ടിക https://icar.nta.nic.in ല്‍ ഉള്ള എ.ഐ.ഇ.ഇ.എ. (യു.ജി) 2020 ബുള്ളറ്റിന്‍ അനുബന്ധം XVI ലും അതിന് പിന്നീട് വരുത്തിയ ഭേദഗതിയിലുമായി നല്‍കിയിട്ടുണ്ട്. ഈ കോഴ്സുള്ള സര്‍വകലാശാലകളുടെ അന്തിമപട്ടിക കൗണ്‍സലിങ് സമയത്ത് പ്രസിദ്ധപ്പെടുത്തും.
ബാച്ചിലര്‍ ബിരുദത്തിനുശേഷം മാസ്റ്റേഴ്സ്, പിഎച്ച്.ഡി. പഠന അവസരങ്ങളുണ്ട്. യോഗ്യതയ്ക്കനുസരിച്ച് കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കൃഷി, അനുബന്ധവകുപ്പുകള്‍, ഐ.സി.എ.ആര്‍. സ്ഥാപനങ്ങള്‍/ഗവേഷണസ്ഥാപനങ്ങള്‍, കേന്ദ്ര/സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍, കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവയിലൊക്കെ തൊഴിലവസരങ്ങള്‍ ഉണ്ട്. ഐ.സി.എ.ആര്‍. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയാല്‍ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുവാനും അവസരംകിട്ടാം.
ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert
Content Highlights: BSc Agriculture admission through ICAR Exam