പ്ലസ്ടു വിദ്യാർഥിയാണ്. കേരളത്തിൽ ബി.എ. മ്യൂസിക് പഠിക്കാവുന്ന കോളേജുകൾ ഏതൊക്കെ? പ്രവേശനം എങ്ങനെയാണ്?-മീനാക്ഷി, ആലപ്പുഴ

പ്ലസ്ടു കഴിഞ്ഞ് സംഗീതത്തിൽ ബിരുദപഠനം നടത്താൻ കേരളത്തിൽ വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലും അവസരമുണ്ട്. പൊതുവേ അഭിരുചി പരീക്ഷ ഉണ്ടാകും. ചിലയിടത്ത് അഭിമുഖവും കണ്ടേക്കാം.

കേരള സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ ബി.എ. മ്യൂസിക് പ്രവേശനത്തിന്, സർവകലാശാല നടത്തുന്ന കേന്ദ്രീകൃത ബിരുദ അലോട്ട്മെന്റ് പ്രക്രിയയിൽ രജിസ്റ്റർ ചെയ്യണം. പക്ഷേ, ബി.എ. മ്യൂസിക്കിന് കേന്ദ്രീകൃത അലോട്ട്മെന്റ് ഇല്ല. അപേക്ഷയുടെ പ്രിന്റ് ഔട്ട് ബന്ധപ്പെട്ട കോളേജിൽ നൽകണം. തുടർന്ന് കോളേജ് തലത്തിൽ നടത്തുന്ന അഭിരുചി പരീക്ഷ അഭിമുഖീകരിക്കണം.

പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ്ടു മൊത്തം മാർക്ക്, ഹയർ സെക്കൻഡറിയിൽ മ്യൂസിക് ഓപ്ഷണൽ എടുത്തിട്ടുണ്ടെങ്കിൽ ആ മാർക്ക്, അഭിരുചി പരീക്ഷയിലെ മാർക്ക് എന്നിവ ചേർത്ത് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ഗവ. വിമൻസ് കോളേജ്, വഴുതക്കാട്, തിരുവനന്തപുരം; എൻ.എസ്.എസ്. കോളേജ് ഫോർ വിമെൻ, നീറമൺകര, തിരുവനന്തപുരം; എസ്.എൻ. കോളേജ് ഫോർ വിമെൻ, കൊല്ലം എന്നീ കോളേജുകളിൽ ബി.എ. മ്യൂസിക് പ്രോഗ്രാമുണ്ട്. മൂന്നിടത്തും കോംപ്ലിമെന്ററി, വീണ, സംസ്കൃതം എന്നീ വിഷയങ്ങളാണ്.

ബിരുദതല സംഗീത കോഴ്സ് പഠിക്കാവുന്ന മറ്റുചില സ്ഥാപനങ്ങൾ.

*തൃശ്ശൂർ ചെറുതുരുത്തി കേരള കലാമണ്ഡലം: ബി.എ. കർണാടിക് മ്യൂസിക്. അപേക്ഷ സ്ഥാപനത്തിന്റെ വിജ്ഞാപനപ്രകാരം നൽകണം (www.kalamandalam.ac.in)

*ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി, എറണാകുളം (മെയിൻ കാമ്പസ്): ബി.എ. മ്യൂസിക് (വോക്കൽ). സർവകലാശാലയുടെ വിജ്ഞാപനം വരുമ്പോൾ അപേക്ഷിക്കണം (ssu.ac.in)

*ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ, എറണാകുളം- ബി.എ. സംഗീതം (വായ്പാട്ട്) പ്രോഗ്രാം. സ്ഥാപനത്തിന്റെ വിജ്ഞാപനപ്രകാരം അപേക്ഷിക്കണം (www.rlvcollege.com)

*കോഴിക്കോട് സർവകലാശാല: ഗവ. കോളേജ്, ചിറ്റൂർ- ബി.എ. മ്യൂസിക്; ചെമ്പൈ മെമ്മോറിയൽ ഗവ. മ്യൂസിക് കോളേജ്, പാലക്കാട്; എസ്.ആർ.വി. ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിങ് ആർട്സ്, തൃശ്ശൂർ- ബി.എ. വോക്കൽ. കോഴിക്കോട് സർവകലാശാലയുടെ കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് സർവകലാശാല കോളേജുകൾക്ക് കൈമാറും. കോളേജ് തലത്തിൽ അഭിരുചി പരീക്ഷ നടത്തി പ്രോസ്പക്ടസ് വ്യവസ്ഥപ്രകാരം റാങ്ക് പട്ടിക തയ്യാറാക്കി പ്രവേശനം നടത്തും (http://cuonline.ac.in)

*മഹാരാജാസ് കോളേജ്, എറണാകുളം (സ്വയംഭരണം): ബി.എ. മ്യൂസിക്. കോളേജ് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കണം (https://maharajas.ac.in)

*സ്വാതി തിരുനാൾ ഗവ. മ്യൂസിക് കോളേജ്, തൈക്കാട്, തിരുവനന്തപുരം- ബാച്ചിലർ ഓഫ് പെർഫോമിങ് ആർട്സ് (മ്യൂസിക്) ഡിഗ്രി (വോക്കൽ) കോഴ്സ് ഉണ്ട്. സ്ഥാപനതലത്തിലാണ് അപേക്ഷിക്കേണ്ടത്.

Content Highlights: Best music colleges in Kerala, Ask expert