എം.എസ്സി. കെമിസ്ട്രി പഠിക്കാൻ അവസരമുള്ള പ്രമുഖ കേന്ദ്രസ്ഥാപനങ്ങൾ ഏതൊക്കെ? -ദിവ്യ, തൃശ്ശൂർ

കെമിസ്ട്രി എം.എസ്സി. പഠിക്കാൻ ആദ്യം പരിഗണിക്കാവുന്നത് വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ) ആണ്. ഭിലായ്, ബോംബെ, ഡൽഹി, ധൻബാദ്, ഗാന്ധിനഗർ, ഗുവാഹാട്ടി, ഹൈദരാബാദ്, ഇൻഡോർ, ജോധ്പുർ, കാൻപുർ, മദ്രാസ്, മാൻഡി, പാലക്കാട്, പട്ന, റൂർഖി, റോപ്പാർ, തിരുപ്പതി, വാരാണസി എന്നീ ഐ.ഐ.ടി.കളിൽ ഉണ്ട്. ഗവേഷണത്തിൽകൂടി താത്‌പര്യമുണ്ടെങ്കിൽ കെമിസ്ട്രിയിലെ ജോയന്റ് എം.എസ്സി.-പിഎച്ച്.ഡി. പ്രോഗ്രാമിനെക്കുറിച്ചു ചിന്തിക്കാം. ഭുവനേശ്വർ, ഖരഗ്പുർ എന്നിവിടങ്ങളിൽ ഉണ്ട്. ഐ.ഐ.ടി.യിലെ ഈ പ്രോഗ്രാമുകളിലെ പ്രവേശനം ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) വഴിയാണ്. ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.) നടത്തുന്ന കെമിസ്ട്രി ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനവും ജാം പരിധിയിൽ വരുന്നു. വിശദാംശങ്ങൾ അറിയാൻ ജാം 2021 വെബ്സൈറ്റ് സന്ദർശിക്കുക: https://jam.iisc.ac.in

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജികളിലെ (എൻ.ഐ.ടി.കൾ) എം.എസ്സി. കെമിസ്ട്രി പ്രവേശനവും ജാം സ്കോർ പരിഗണിച്ചാണ്. കോഴിക്കോട്, തിരുച്ചിറപ്പള്ളി, സൂറത്‌കൽ, റൂർഖേല, ജലന്ധർ, ജയ്പുർ, അഗർത്തല, ദുർഗാപുർ, ഹാമിർപുർ, മേഘാലയ, സിക്കിം, ജംഷേദ്പുർ, മണിപ്പുർ, ശ്രീനഗർ, നാഗ്പുർ എന്നീ എൻ.ഐ.ടി.കളിൽ എം.എസ്സി. കെമിസ്ട്രി ഉണ്ട്. പ്രവേശന നടപടികൾ മനസ്സിലാക്കാൻ https://ccmn.admissions.nic.in കാണുക.

ജവാഹർലാൽ നെഹ്രു (ജെ.എൻ.യു.), ഹൈദരാബാദ്, ജാമിയ മിലിയ, ബനാറസ് ഹിന്ദു, അലിഗഢ് മുസ്ലിം, പോണ്ടിച്ചേരി, ഡൽഹി ഉൾപ്പെടെ ഒട്ടേറെ സർവകലാശാലകളിലും എം.എസ്സി. കെമിസ്ട്രി പഠിക്കാം. മുംബൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലും ഉണ്ട്.

സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) വഴി കേന്ദ്ര സർവകലാശാലകളിൽ (കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ) എം.എസ്സി. കെമിസ്ട്രി പഠനത്തിന് അവസരമുണ്ട്.

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി.ഐ.എഫ്.ആർ.) മുംബൈയിൽ കെമിസ്ട്രിയിൽ ഇന്റഗ്രേറ്റഡ് എം.എസ്സി.-പിഎച്ച്.ഡി. പ്രോഗ്രാം ഉണ്ട്. പ്രവേശനം ഗ്രാജ്വേറ്റ് സ്കൂൾ അഡ്മിഷൻ വഴിയാണ് (http://univ.tifr.res.in/gs2020/). കൂടാതെ ദേശീയ തലത്തിൽ ഒട്ടേറെ സർവകലാശാലകളിലും ഈ കോഴ്സുണ്ട്.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert )

Content Highlights: Best institutes in India to study MSc chemistry, Ask expert