മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി നടത്തുന്ന ഓള്‍ ഇന്ത്യ ക്വാട്ട അലോട്ട്‌മെന്റില്‍ എം.ബി.ബി.എസിന് ഏറ്റവും നല്ല കോളേജുകള്‍ ഏതാണ്? കേരളത്തിലെയും തമിഴ്‌നാട്ടിലെയും മികച്ച കോളേജുകള്‍ ഏതൊക്കെ?

-അശ്വിന്‍, എറണാകുളം

മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.)., 2020-ല്‍ നടത്തിയ ഓള്‍ ഇന്ത്യ ക്വാട്ട എം.ബി.ബി.എസ്. അലോട്ട്‌മെന്റില്‍ ജനറല്‍ (അണ്‍ റിസര്‍വ്ഡ്) വിഭാഗത്തില്‍ വിവിധ കോളേജുകളില്‍ അവസാനമായി അലോട്ട്‌മെന്റ് ലഭിച്ച റാങ്കുകള്‍ പരിശോധിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഏറ്റവും താത്പര്യം കാട്ടിയ ചില കോളേജുകള്‍ ഇവയാണ്:

 മൗലാനാ ആസാദ് മെഡിക്കല്‍കോളേജ് (ന്യൂഡല്‍ഹി) , വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് സഫ്ദര്‍ജങ് ഹോസ്പിറ്റല്‍ (ന്യൂ ഡല്‍ഹി) , യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സസ് (ഡല്‍ഹി) , ലേഡി ഹാര്‍ഡിംഗെ മെഡിക്കല്‍ കോളേജ് (ന്യൂഡല്‍ഹി- പെണ്‍കുട്ടികള്‍ക്കുമാത്രം പ്രവേശനം) ,ഡോ. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ (ന്യൂഡല്‍ഹി) , ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ (ചണ്ഡീഗഢ്) , മദ്രാസ് മെഡിക്കല്‍ കോളേജ് (ചെന്നൈ) , ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് (കോഴിക്കോട്) , സേത്ത് ജി.എസ്. മെഡിക്കല്‍ കോളേജ് (മുംബൈ) , ബി.ജെ. മെഡിക്കല്‍ കോളേജ് (അഹമ്മദാബാദ്) , ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് (തിരുവനന്തപുരം) , എസ്.എം.എസ്. മെഡിക്കല്‍ കോളേജ് (ജയ്പുര്‍) , ഡോ. ബാബാ സാഹിബ് അംബേദ്കര്‍ മെഡിക്കല്‍ കോളേജ് (ഡല്‍ഹി) , കെ.ജി. മെഡിക്കല്‍ കോളേജ് (ലഖ്നൗ),  എന്‍.ഡി.എം.സി. മെഡിക്കല്‍ കോളേജ് ഡല്‍ഹി) തുടങ്ങിയവ.

കേരളത്തിലെ മറ്റു ഗവ. മെഡിക്കല്‍ കോളേജുകളോട് ജനറല്‍ വിഭാഗത്തില്‍ വിദ്യാര്‍ഥികള്‍ താത്പര്യം കാട്ടിയത്: കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, മഞ്ചേരി, കൊല്ലം, പാലക്കാട് മെഡിക്കല്‍ കോളേജുകള്‍.

തമിഴ്‌നാട്: സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് (ചെന്നൈ), ഗവണ്‍മെന്റ് കില്‍പോക് മെഡിക്കല്‍കോളേജ് (ചെന്നൈ), കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജ് (കോയമ്പത്തൂര്‍), മധുര മെഡിക്കല്‍കോളേജ് (മധുര), ഗവണ്‍മെന്റ് വെല്ലൂര്‍ മെഡിക്കല്‍കോളേജ് (വെല്ലൂര്‍), ഗവ. മോഹന്‍ കുമാരമംഗലം മെഡിക്കല്‍കോളേജ് (സേലം).

അലോട്ട്‌മെന്റുകളില്‍ പങ്കെടുക്കുന്നവര്‍ കോളേജുകളോടുള്ള താത്പര്യങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ പല ഘടകങ്ങള്‍ പരിഗണിച്ചേക്കാം. പൊതുവായ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍വചിക്കാന്‍ കഴിയില്ല. പഴക്കംചെന്ന കോളേജുകള്‍, മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ താത്പര്യം കാട്ടിയ സ്ഥാപനങ്ങള്‍, പ്രാദേശിക താത്പര്യങ്ങള്‍, ഫീസ് ഘടന, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ആശുപത്രിസൗകര്യങ്ങള്‍, തുടങ്ങിയവയൊക്കെ, പരിഗണനാവിഷയം ആകാം. വ്യത്യസ്ത മുന്‍ഗണ ഇവയില്‍ത്തന്നെ വരാം.

എന്നിരുന്നാലും മികച്ച കോളേജുകള്‍ പരിഗണിക്കുമ്പോള്‍ ഈ ഘടകങ്ങളെല്ലാം പരിഗണിച്ച് മൊത്തത്തില്‍ വിദ്യാര്‍ഥികള്‍ സ്വയം രൂപപ്പെടുത്തിയ മുന്‍ വര്‍ഷങ്ങളിലെ കോളേജ് താത്പര്യങ്ങളെ ആശ്രയിക്കന്നതില്‍ തെറ്റില്ല.

Content Highlights: best colleges which offers M.B.B.S under all India quota: Ask Expert