ആസ്ട്രോണമി, ആസ്ട്രോഫിസിക്സ് പി.ജി കോഴ്സ് എവിടെ പഠിക്കാം? യോഗ്യത എന്താണ് ?

- അജിത്, എറണാകുളം

ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഇൻഡോർ, എം.എസ്സി. ആസ്ട്രോണമി പ്രോഗ്രാം നടത്തുന്നുണ്ട്. ഐ.ഐ.ടി. നടത്തുന്ന, ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്സി. (ജാം) വഴിയാണ് പ്രവേശനം. ബിരുദതലത്തിൽ ഫിസിക്സ്/ മാത്തമാറ്റിക്സ്/ കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്/ഇലക്ട്രിക്കൽ എൻജിനിയറിങ്/മെക്കാനിക്കൽ എൻജിനിയറിങ് എന്നിവയിലൊന്ന് പഠിച്ചിരിക്കണം. ജാമിൽ ഫിസിക്സ് പേപ്പറാണ് അഭിമുഖീകരിക്കേണ്ടത്. ജാം യോഗ്യത നേടിയ ശേഷം, കേന്ദ്രിത പ്രവേശന പ്രക്രിയയിൽ പങ്കെടുക്കണം.

തെലങ്കാന, ഹൈദരാബാദ്, ഒസ്മാനിയ സർവകലാശാലയുടെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയൻസിൽ, എം.എസ്സി. ആസ്ട്രോണമി പ്രോഗ്രാം ഉണ്ട്. ബിരുദതലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. ഫിസിക്സ് പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്.

പട്യാലയിലെ പഞ്ചാബി സർവകലാശാലയിൽ ആസ്ട്രോണമി ആൻഡ് സ്പേസ് ഫിസിക്സ് എം.എസ്സി. പ്രോഗ്രാം ഉണ്ട്. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം കെമിസ്ട്രി/കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്/കംപ്യൂട്ടർ മെയിന്റനൻസ്/സ്പേസ് സയൻസ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നും പഠിച്ച്, ബി.എസ്സി. ബിരുദം നേടിയവർ, ഫിസിക്സിൽ ബി.എസ്സി. (ഓണേഴ്സ്) ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്സ് മാർക്ക് പരിഗണിച്ചാണ് പ്രവേശനം.

ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലുള്ള മാസ്റ്റർ ഓഫ് സയൻസ് കോഴ്സ് തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലുണ്ട്. അതിലെ പ്രവേശനത്തിന് പി.ജി. വേണം. ഫിസിക്സിലെ മാസ്റ്റേഴ്സ് ബിരുദധാരികൾക്കും അപേക്ഷിക്കാം. ഒപ്പം, ഫിസിക്സിൽ ഗേറ്റ്/ ജസ്റ്റ് യോഗ്യതയോ ഫിസിക്കൽ സയൻസസിലെ യു.ജി.സി. - നെറ്റ് യോഗ്യതയോ കൂടി വേണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ടെസ്റ്റ്/ഇന്റർവ്യൂ എന്നിവയുണ്ടാകും.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Best colleges to do PG in Astronomy, Ask Expert