ask expertഞാന്‍ ഈ വര്‍ഷത്തെ നാറ്റ ആദ്യപരീക്ഷ എഴുതി. അതിന്റെ സ്‌കോര്‍ ഷീറ്റ് കിട്ടി. കേരളത്തില്‍ ബി.ആര്‍ക്. പ്രവേശനത്തിന് അപേക്ഷിച്ചിരുന്നു. അതിനായി ഇനി എന്താണ് ചെയ്യേണ്ടത്? - അശ്വതി, മലപ്പുറം

കേരളത്തില്‍ ബി.ആര്‍ക്. പ്രവേശനറാങ്കുപട്ടിക തയ്യാറാക്കുന്നത് യോഗ്യതാപരീക്ഷയില്‍ (പ്ലസ് ടു/തത്തുല്യം) ലഭിച്ച മാര്‍ക്ക്/ഗ്രേഡും നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടക്ചറി (നാറ്റാ) ന് ലഭിച്ച സ്‌കോറിനും തുല്യപരിഗണന നല്‍കിക്കൊണ്ടാണ്. 200-ലുള്ള നാറ്റാ സ്‌കോറും യോഗ്യതാപരീക്ഷാ സ്‌കോര്‍ 200-ല്‍ കണക്കാക്കിയതും കൂട്ടി 400-ലുള്ള മാര്‍ക്കാണ് ഇതിന് പരിഗണിക്കുന്നത്.

ഇതിലേക്ക്, യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് ഷീറ്റും നാറ്റാ സ്‌കോര്‍ ഷീറ്റും പ്രവേശന പരീക്ഷാകമ്മിഷണറുടെ വെബ്‌സൈറ്റ് വഴി നിര്‍ദേശിക്കുന്ന സമയത്ത് വിദ്യാര്‍ഥി അപ്ലോഡ് ചെയ്യണം. അതിനുള്ള വിജ്ഞാപനം കമ്മിഷണര്‍ പുറപ്പെടുവിക്കും. ആ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്ലസ്ടു മാര്‍ക്ക്, നാറ്റ സ്‌കോര്‍ എന്നിവ കമ്മിഷണറുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നല്‍കാന്‍ കഴിയൂ. ഈ വിജ്ഞാപനം താമസിയാതെ പ്രതീക്ഷിക്കാം. മാര്‍ക്ക് അപ്ലോഡിങ് പൂര്‍ത്തിയായ ശേഷമേ ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക തയ്യാറാക്കി പ്രസിദ്ധപ്പെടുത്തുകയുള്ളൂ. അതേത്തുടര്‍ന്ന് പ്രവേശനത്തിനായുള്ള ഓപ്ഷന്‍ സ്വീകരിക്കല്‍ ആരംഭിക്കും. അതിനുശേഷം അലോട്ട്‌മെന്റ് നടത്തും.

അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ നിശ്ചിത ഫീസടച്ച് അലോട്ട്‌മെന്റ് സ്വീകരിക്കണം. ഒന്നില്‍ കൂടുതല്‍ റൗണ്ട് അലോട്ട്‌മെന്റ് ഉണ്ടാകും. കോളേജില്‍ പ്രവേശനം നേടാന്‍ ആവശ്യപ്പെടുമ്പോള്‍ പ്രവേശനം ഉറപ്പാക്കണം. ഇതാണ് സാധാരണ ഗതിയിലുള്ള നടപടിക്രമം. ഇവയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വിജ്ഞാപനങ്ങളില്‍ വ്യക്തമാക്കിയിരിക്കും. കീം 2020 പ്രോസ്‌പെക്ടസിലും നടപടിക്രമം വ്യക്തമാക്കിയിട്ടുണ്. കമ്മിഷണറുടെ വെബ്‌സൈറ്റ് ഇടയ്ക്കിടെ സന്ദര്‍ശിച്ച് ഇതുസംബന്ധിച്ചുള്ള അറിയിപ്പുകള്‍ വരുന്നുണ്ടോ എന്നും പരിശോധിക്കുക.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: BArch Admission Process After NATA, mathrubhumi ask expert