മാത്തമാറ്റിക്സ് ബി.എസ്‌സി ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ്. കോഴ്സ് കഴിഞ്ഞ് ലാറ്ററല്‍ എന്‍ട്രി പ്രവേശനം വഴി ബി.ടെക്. പഠിക്കണമെന്നുണ്ട്. പ്രവേശന യോഗ്യത, പ്രവേശനപരീക്ഷാ രീതി, എന്നിവ വിശദമാക്കാമോ? -അനില്‍, തിരുവനന്തപുരം
കേരളത്തില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന ബി.ടെക്. ലാറ്ററല്‍ എന്‍ട്രി (ബി.ടെക്. രണ്ടാം വര്‍ഷത്തിലേക്ക്) പ്രവേശനത്തിന് ബി.എസ്‌സി. തലത്തില്‍ മാത്തമാറ്റിക്സ്, മെയിന്‍ വിഷയമായോ (ഇപ്പോള്‍ കോര്‍ വിഷയം എന്നാണ് അറിയപ്പെടുന്നത്) സബ്സിഡിയറിയായോ (കോംപ്ലിമെന്ററി വിഷയമായി) പഠിച്ച് 45 ശതമാനം മാര്‍ക്ക് വാങ്ങി (എസ്.ഇ.ബി.സി./ഒ.ഇ.സി.- 42 ശതമാനം, എസ്.സി./എസ്.ടി.- 40 ശതമാനം), ബിരുദം നേടിയ, പ്ലസ്ടു തലത്തില്‍, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.
എന്‍ജിനിയറിങ്/ടെക്നോളജി ഡിപ്ലോമ, ഡി.വൊക്. (വൊക്കേഷണല്‍ ഡിപ്ലോമ) എന്നീ സ്ട്രീമുകളിലെ അപേക്ഷകരെ പരിഗണിച്ചശേഷമേ ബി.എസ്‌സി. സ്ട്രീമില്‍ ഉള്ള അപേക്ഷകരെ പ്രവേശനത്തിനു പരിഗണിക്കൂ.
ബി.എസ്‌സി. സ്ട്രീംകാര്‍ക്കുള്ള രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷയ്ക്ക് ആദ്യവര്‍ഷ ബി.ടെക്കിന്റെ തിരഞ്ഞെടുത്ത വിഷയങ്ങള്‍, ഇംഗ്ലീഷ് എന്നിവയില്‍നിന്ന് 120 ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. മാത്തമാറ്റിക്‌സ് (40 മാര്‍ക്ക്), ഫിസിക്സ് (30), കെമിസ്ട്രി (20), ഐ.ടി. ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് (15), ഇംഗ്ലീഷ് (15) എന്നീ വിഷയങ്ങളില്‍ നിന്നാകും ചോദ്യങ്ങള്‍.
പ്രവേശന പരീക്ഷയില്‍ കുറഞ്ഞത് 15 ശതമാനം മാര്‍ക്ക് (എസ്.ഇ.ബി.സി. - 12 ശതമാനം, എസ്.സി./എസ്.ടി. - 10 ശതമാനം) വാങ്ങുന്നവരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഈ സ്ട്രീമില്‍ പ്രവേശനം ലഭിക്കുന്നവര്‍ ആദ്യവര്‍ഷ എന്‍ജിനിയറിങ് പാഠ്യപദ്ധതിയുടെ എന്‍ജിനിയറിങ് ഗ്രാഫിക്സ്/എന്‍ജിനിയറിങ് ഡ്രോയിങ്, എന്‍ജിനിയറിങ് മെക്കാനിക്സ് പേപ്പറുകള്‍, ബി.ടെക്. രണ്ടാം വര്‍ഷ പരീക്ഷയ്ക്കൊപ്പം എഴുതി ജയിക്കണം. 2019-20 വര്‍ഷത്തെ പ്രവേശന പ്രോസ്‌പെക്ടസ് http://admissions.dtekerala.gov.in/ ല്‍ ബി.ടെക്. (എല്‍.ഇ.ടി) ലിങ്കില്‍ ഉണ്ട്.
ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert