ബി.എസ്‌സി. നഴ്‌സിങ്ങും പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്ങും തമ്മിലുള്ള വ്യത്യാസമെന്താണ്? പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്ങുള്ള പ്രമുഖ സ്ഥാപനങ്ങള്‍ ഏതൊക്കെ?

ആലീസ് ചെറിയാന്‍, തിരുവനന്തപുരം

പ്ലസ് ടു സയന്‍സ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) പഠനം കഴിഞ്ഞുപോകാവുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമാണ് ബി.എസ്‌സി. നഴ്‌സിങ്. ബിരുദമാണ് താത്പര്യമെങ്കില്‍ ഈ കോഴ്‌സ് എടുക്കാം. ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠനം നിര്‍ബന്ധമാണ്. ഡിഗ്രി കഴിഞ്ഞ് നഴ്‌സിങ്ങില്‍ ഉന്നതപഠനത്തില്‍ താത്പര്യമുള്ളവര്‍ക്കും ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിനെക്കുറിച്ച് ചിന്തിക്കാം.

അതേസമയം, നഴ്‌സിങ്ങിലെ ഡിപ്ലോമയില്‍ താത്പര്യമുള്ളവര്‍ക്ക് പ്ലസ്ടു കഴിഞ്ഞ് പോകാവുന്ന മൂന്ന് വര്‍ഷത്തെ പ്രോഗ്രാമാണ് ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി പ്രോഗ്രാം. പൊതുവേ, പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ചിരിക്കണം. എന്നാല്‍, ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ സയന്‍സ് ഇതര സ്ട്രീമില്‍ പഠിച്ച് പ്ലസ്ടു ജയിച്ചവരെയും കേരളത്തില്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി പ്രോഗ്രാം പ്രവേശനത്തിന് പരിഗണിക്കാറുണ്ട്. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്ക്, നഴ്‌സിങ്ങില്‍ ബിരുദമെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ പഠിക്കേണ്ട പ്രോഗ്രാമാണ് രണ്ടുവര്‍ഷമുള്ള പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്. കേരളത്തില്‍ ഈ പ്രോഗ്രാം പ്രവേശനത്തിന് പ്ലസ്ടു, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് ജയിച്ചിരിക്കണം. കൂടാതെ 50 ശതമാനം മാര്‍ക്കോടെ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സ് ജയിക്കണം. അതോടൊപ്പം കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് രജിസ്‌ട്രേഷനും വേണം. ഈ പ്രക്രിയവഴി ബിരുദമെടുക്കാന്‍ ജി.എന്‍.എം. കോഴ്‌സിന്റെ മൂന്നുവര്‍ഷവും പോസ്റ്റ് ബേസിക് കോഴ്‌സിന്റെ രണ്ടുവര്‍ഷവും ഉള്‍പ്പെടെ അഞ്ചുവര്‍ഷം എടുക്കും. പക്ഷേ, ജി. എന്‍.എം. കോഴ്‌സ് കഴിഞ്ഞ് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ട്.

കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം എന്നീ ഗവണ്‍മെന്റ്് നഴ്‌സിങ് കോളേജുകളില്‍ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാമുണ്ട്. കൂടാതെ ഒട്ടേറെ സ്വാശ്രയസ്ഥാപനങ്ങളിലും കോഴ്‌സ് നടത്തുന്നുണ്ട്. ദേശീയതലത്തില്‍ ഈ പ്രോഗ്രാമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ന്യൂഡല്‍ഹി),

പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ചണ്ഡീഗഢ്) എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരത്തോടെ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാം നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടിക www.indiannursingcouncil.org യില്‍ ലഭിക്കും.

Content Highlights: B.Sc  Nursing and Post Basic Nursing