ആയുഷ് ഓൾ ഇന്ത്യ ക്വാട്ട അലോട്ട്മെന്റിന് അപേക്ഷിക്കാൻ എത്ര രൂപയാണ് അടയ്ക്കേണ്ടത്?. കേരളത്തിൽ എത്ര സീറ്റുണ്ട്?- ധന്യ, കോട്ടയം
ആയുഷ് കൗൺസലിങ്ങിൽ പങ്കെടുക്കാൻ രണ്ടു തരത്തിലുള്ള ഫീസ് അപേക്ഷാർഥി അടയ്ക്കണം. ഗവൺമെന്റ്, ഗവ. എയ്‌ഡഡ്, കേന്ദ്ര സർവകലാശാല, ദേശീയ സ്ഥാപന വിഭാഗത്തിൽ (കൽപ്പിത സർവകലാശാലകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ) അപേക്ഷിക്കാൻ തിരികെ ലഭിക്കാത്ത രജിസ്ട്രേഷൻ ഫീസായി 1,000 രൂപയും തിരികെ ലഭിക്കാവുന്ന സെക്യൂരിറ്റി തുകയായി 10,000 രൂപയും ഉൾ?െപ്പടെ 11,000 രൂപ അടയ്ക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാരാണെങ്കിൽ ഇത് യഥാക്രമം 500, 10,000 രൂപയാണ് (മൊത്തം 10,500 രൂപ).
കല്പിത സർവകലാശാലയിലേക്കു മാത്രം അല്ലെങ്കിൽ, കല്പിത സർവകലാശാലയിലേക്കും സർക്കാർ വിഭാഗത്തിലേക്കും (രണ്ടിലേക്കും) അപേക്ഷിക്കാൻ, എല്ലാവരും രജിസ്ട്രേഷൻ ഫീസായി 5,000 രൂപയും സെക്യൂരിറ്റി തുകയായി 50,000 രൂപയും (മൊത്തം 55,000 രൂപ) അടയ്ക്കണം. തുക അടച്ച ശേഷമേ ചോയ്സ് ഫില്ലിങ് നടത്താൻ കഴിയൂ.
കേരളത്തിൽ ഗവൺമെന്റ്/ഗവ. എയ്‌ഡഡ് വിഭാഗത്തിൽ ബി.എ.എം.എസ്., ബി.എച്ച്.എം.എസ്. എന്നീ കോഴ്സുകളിലാണ് ഓൾ ഇന്ത്യ ക്വാട്ട സീറ്റുള്ളത്. ഇതിൽ ബി.എ.എം.എസിന് (ആയുർവേദം) ഗവൺമെന്റ് വിഭാഗത്തിൽ മൂന്ന് കോളേജിലായി 33 സീറ്റും, ഗവ. എയ്‌ഡഡ് വിഭാഗത്തിൽ രണ്ട് കോളേജുകളിലായി 20 സീറ്റും ഉൾപ്പടെ 53 സീറ്റുണ്ട്. യു.ആർ. - 39, എസ്.സി. - 8, എസ്.ടി. - 3, യു.ആർ.പി.എച്ച്. - 2, എസ്.ടി.പി.എച്ച്. -1.
ഓൾ ഇന്ത്യ ക്വാട്ടയിൽ ബി.എച്ച്.എം.എസ്. (ഹോമിയോപ്പതി), ഗവൺമെന്റ് വിഭാഗത്തിൽ രണ്ട് കോളേജിലായി 19 സീറ്റും, ഗവ. എയ്‌ഡഡ് വിഭാഗത്തിൽ മൂന്ന് കോളേജുകളിലായി 31 സീറ്റും ഉൾപ്പടെ 50 സീറ്റുണ്ട്.
യു.ആർ. - 37, എസ്.സി. - 7, എസ്.ടി. - 4, യു.ആർ.പി.എച്ച്. - 1, എസ്.ടി.പി.എച്ച്. -1. കോഴ്സ്, ക്വാട്ട, കോളേജ്/സ്ഥാപനം, കാറ്റഗറി തിരിച്ചുള്ള സീറ്റ് മട്രിക്സ് https://aaccc.gov.in ൽ ലഭ്യമാണ്.
(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യയങ്ങളയയ്ക്കാൻ- english.mathrubhumi.com/education/help-desk/ask-expert)
Content Highlights: ayush seats available in kerala, ask expert