ask expertപ്ലസ് ടു ബയോളജി സയന്‍സ് വിദ്യാര്‍ഥിയാണ്. നീറ്റ്, കീം എന്നിവയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ആയുര്‍വേദ ഡോക്ടറാകാനാണ് ആഗ്രഹം. ഇനിയുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ? ജസ്ന, കോഴിക്കോട് 

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി.യില്‍ നിശ്ചിത പെര്‍സന്റൈല്‍ സ്‌കോര്‍ നേടി യോഗ്യത നേടണം. കേരള പ്രവേശനപരീക്ഷാ കമ്മിഷണര്‍ ഓണ്‍ലൈനായി നീറ്റ് ഫലം അപ് ലോഡിങ്/കണ്‍ഫര്‍മേഷന്‍ നടത്താന്‍ ആവശ്യപ്പെടുമ്പോള്‍ അതു ചെയ്യണം. തുടര്‍ന്ന് ആയുര്‍വേദ റാങ്ക്പട്ടിക പ്രസിദ്ധപ്പെടുത്തും. 

ആയുര്‍വേദം ഒഴികെയുള്ള മെഡിക്കല്‍ കോഴ്സുകള്‍ക്കും മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്കും വേറെ റാങ്ക് പട്ടികകളും പ്രസിദ്ധപ്പെടുത്തും. അതിനുശേഷം ഏകജാലക സംവിധാനം വഴി ആയുര്‍വേദം ഉള്‍പ്പെടെയുള്ള, മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് ഓപ്ഷന്‍ വിളിക്കും. ഈ ഘട്ടത്തില്‍ താത്പര്യമുള്ള ആയുര്‍വേദ കോളേജുകളും ഓപ്ഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക. 

അലോട്ട്മെന്റ് കിട്ടിയാല്‍ സമയപരിധിക്കകം ഫീസടയ്ക്കണം. നിര്‍ദേശിക്കുന്ന സമയത്ത് പ്രവേശനം നേടുകയും വേണം. ഇതാണ് കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ വഴിയുള്ള ബി.എ.എം.എസ്. ഉള്‍പ്പടെയുളള മെഡിക്കല്‍കോഴ്സ് പ്രവേശന നടപടിക്രമം. ഇതു കൂടാതെയുള്ള മറ്റൊരു പ്രവേശന സംവിധാനമാണ് ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി നടത്തുന്ന കേന്ദ്ര കൗണ്‍സലിങ് (എ.എ.സി.സി.സി.). 

ഇതില്‍ പങ്കെടുത്തും കേരളത്തിലോ പുറത്തോ ബി.എ.എം.എസ്. കോഴ്സ് പ്രവേശനം നേടാം. ഈ പ്രക്രിയയില്‍ ദേശീയസ്ഥാപനങ്ങള്‍, ഗവണ്‍മെന്റ്, എയ്ഡഡ്, സെന്‍ട്രല്‍, കല്പിത, സ്വകാര്യ സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍ എന്നിവയിലുള്‍പ്പടെ ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകള്‍ ലഭ്യമാണ്. നീറ്റ് റാങ്ക് അടിസ്ഥാനമാക്കി, നീറ്റ് ഫലം വന്ന ശേഷം നടപടികള്‍ തുടങ്ങും. വിവരങ്ങള്‍ക്ക്: https://aaccc.gov.in ല്‍ ബി.എ.എം.എസ്. കോഴ്സ് ദൈര്‍ഘ്യം, ഇന്റണ്‍ഷിപ്പ് ഉള്‍പ്പടെ അഞ്ചര വര്‍ഷമാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി രജിസ്ട്രേഷന്‍ ലഭിച്ചശേഷം പ്രാക്ടീസ് ചെയ്യാം.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Ayurveda medicine entrance procedure, Ask Expert