ask expertകേരളത്തിലെ ഓട്ടോണമസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ ഏതൊക്കെ? പ്രവേശനം എങ്ങനെ? ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ ഉണ്ടോ?  -ദിവ്യ, പാലക്കാട്

കേരളത്തില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിഭാഗത്തില്‍ 19 സ്വയംഭരണകോളേജുകള്‍ ഉണ്ട്. സര്‍ക്കാര്‍ വിഭാഗത്തില്‍ ഒന്നും എയ്ഡഡ് വിഭാഗത്തില്‍ 18-ഉം.

കേരള സര്‍വകലാശാല: മാര്‍ ഇവാനിയോസ് തിരുവനന്തപുരം; ഫാത്തിമാ മാതാ നാഷണല്‍ കൊല്ലം.

മഹാത്മാഗാന്ധി സര്‍വകലാശാല: മഹാരാജാസ് എറണാകുളം (സര്‍ക്കാര്‍), സെയ്ന്റ് തെരേസാസ് എറണാകുളം, സേക്രഡ് ഹാര്‍ട്ട് തേവര, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് കളമശ്ശേരി, സെയ്ന്റ് ആല്‍ബര്‍ട്‌സ് എറണാകുളം, സി.എം.എസ്. കോട്ടയം, അസംപ്ഷന്‍ ചങ്ങനാശ്ശേരി, സെയ്ന്റ് ബര്‍ക്ക്മന്‍സ് ചങ്ങനാശ്ശേരി, മരിയന്‍ കുറ്റിക്കാനം, മാര്‍ അത്തനേഷ്യസ് കോതമംഗലം.

കാലിക്കറ്റ് സര്‍വകലാശാല: വിമല തൃശ്ശൂര്‍, സെയ്ന്റ് തോമസ് തൃശ്ശൂര്‍, സെയ്ന്റ് ജോസഫ്‌സ് ഇരിങ്ങാലക്കുട, ക്രൈസ്റ്റ് ഇരിങ്ങാലക്കുട, എം.ഇ.എസ്. മമ്പാട്-മലപ്പുറം, ഫാറൂഖ് കോളേജ്- കോഴിക്കോട്, സെയ്ന്റ് ജോസഫ്‌സ് കോഴിക്കോട്.

ഓട്ടോണമസ് കോളേജുകളിലെ പ്രവേശനം അതത് കോളേജുകള്‍ നേരിട്ടാണ് നടത്തുന്നത്. സര്‍വകലാശാലകള്‍ നടത്തുന്ന ഏകജാലക/കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയില്‍ ഈ കോളേജുകളില്ല. പ്രവേശം സംബന്ധിച്ച വിജ്ഞാപനം ഓരോ കോളേജും പുറത്തിറക്കും. ഓരോ കോളേജും പ്രത്യേകം പ്രോസ്പക്ടസും പ്രസിദ്ധപ്പെടുത്തും. സര്‍വകലാശാലാ പ്രവേശനമാനദണ്ഡങ്ങള്‍ പാലിച്ച് അവര്‍ പ്രവേശനം നടത്തും. വിജ്ഞാപനങ്ങള്‍ കോളേജ് വെബ്‌സൈറ്റുകളില്‍ ലഭ്യമാക്കും.

ഓട്ടോണമസ് കോളേജുകളില്‍ ലഭ്യമായ ചില അഞ്ചുവര്‍ഷ ഇന്റര്‍ഗ്രേറ്റഡ് എം.എ., എം.എസ്സി. പ്രോഗ്രാമുകള്‍: ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ച്ചറല്‍ സ്റ്റഡീസ് (മഹാരാജാസ്), ജിയോളജി (ഫാറൂഖ്, ക്രൈസ്റ്റ്), ബയോളജി (എം.ഇ.എസ്. മമ്പാട്, സെയ്ന്റ് ജോസഫ്‌സ്, മാര്‍ അത്തനേഷ്യസ്), സൈക്കോളജി (സെയ്ന്റ് തോമസ്), ഫിസിക്‌സ് (മരിയന്‍), കംപ്യൂട്ടര്‍ സയന്‍സ് -ഡേറ്റ സയന്‍സ് (സേക്രഡ് ഹാര്‍ട്ട്), ഇക്കണോമിക്‌സ് (സെയ്ന്റ് തെരേസാസ്). ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. പ്രോഗ്രാമുണ്ട്.

Content Highlights: Autonomus colleges in Kerala, ask expert