ask expertകേരളത്തിലെ ഓട്ടോണമസ് കോളേജ് ബിരുദപ്രവേശനം എങ്ങനെയാണ്? എത്ര കോളേജുണ്ട്? വിശദാംശങ്ങള്‍ എവിടെ കിട്ടും? -ബിന്ദു ലക്ഷ്മി, തിരുവനന്തപുരം.

കേരളത്തില്‍ ഒരു ഗവണ്‍മെന്റ് കോളേജിനും 18 എയ്ഡഡ് കോളേജുകള്‍ക്കുമാണ് ഇപ്പോള്‍ സ്വയംഭരണ (ഓട്ടോണമസ്) പദവിയുള്ളത്. ഓരോ സര്‍വലാശാലയുടെയും പരിധിയിലുള്ള ഈ വിഭാഗം കോളേജുകളുടെ എണ്ണം ഇങ്ങനെയാണ്. കേരള-2, മഹാത്മാഗാന്ധി-10, കോഴിക്കോട്-7.

കേരളത്തിലെ യു.ജി.സി. അംഗീകൃത ഓട്ടോണമസ് കോളേജുകളുടെ പട്ടിക യു.ജി.സി. വെബ്‌സൈറ്റില്‍ ലഭിക്കും (www.ugc.ac.in > കോളേജസ് > ഓട്ടോണമസ് കോളേജസ്).

കേരള, മഹാത്മാഗാന്ധി, കലിക്കറ്റ് സര്‍വകലാശാലകള്‍ അവരുടെ അഫിലിയേറ്റഡ് കോളേജുകളിലേക്കു നടത്തുന്ന കേന്ദ്രീകൃത പ്രവേശനത്തിന്റെ പരിധിയില്‍ ഓട്ടോണമസ് കോളേജ് പ്രവേശനം വരുന്നില്ല.

ഓരോ ഓട്ടോണമസ് കോളേജിലെയും പ്രവേശനം, ബന്ധപ്പെട്ട സ്ഥാപനം, അപേക്ഷ ക്ഷണിച്ച് നേരിട്ടാണ് നടത്തുന്നത്. കേരളത്തിലെ വിവിധ ഓട്ടോണമസ് കോളേജുകള്‍ അവരുടെ ബിരുദ പ്രവേശനനടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കോളേജുകളുടെ വെബ്‌സെറ്റ് പരിശോധിച്ച് കോഴ്‌സുകളെപ്പറ്റിയും പ്രവേശന നടപടികളെപ്പറ്റിയും മനസ്സിലാക്കി താത്പര്യമുള്ള കോളേജുകളില്‍ ഓരോന്നിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതികളില്‍ കോളേജിന് അനുസരിച്ച് മാറ്റമുണ്ടാകാം.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk /ask-expert)

Content Highlights: Autonomous College UG Admissions, Mathrubhumi Ask Expert