ask expertലക്ഷദ്വീപിലെ കുട്ടികള്‍ക്ക് നഴ്സിങ് കോഴ്സിന് കേരളത്തില്‍ സീറ്റ് സംവരണമുണ്ടോ? വ്യവസ്ഥകള്‍ എന്താണ്?
-സുരേഷ്, കോഴിക്കോട്

2019-ലെ കേരളത്തിലെ ബി.എസ്‌സി. നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശന പ്രോസ്‌പെക്ടസ് പ്രകാരം കേരളത്തില്‍ ബി. എസ്‌സി. നഴ്‌സിങ്ങിന് ലക്ഷദ്വീപ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ഓരോ സീറ്റുവീതം സംവരണം ചെയ്തിട്ടുണ്ട്. രണ്ടും നോമിനേഷന്‍ സീറ്റാണ്.

ലക്ഷദ്വീപില്‍/ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ താമസമാക്കിയിട്ടുള്ള കേരളീയരായ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുക. ബന്ധപ്പെട്ട കേന്ദ്രഭരണപ്രദേശത്തെ അഡ്മിനിസ്‌ട്രേഷനാണ് ഇതിലേക്കുള്ള നോമിനേഷന്‍ നടത്തേണ്ടത്. കേരളത്തിലെ അഡ്മിറ്റിങ് അതോറിറ്റിയാണ് നിശ്ചിത തീയതിക്കകം ഈ സീറ്റിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കേണ്ടത്. കേരളത്തിലെ പ്രവേശന അധികാരി കേരളത്തിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ആണ്.

നോമിനേറ്റ് ചെയ്യപ്പെടുന്നവര്‍ക്ക് പ്രോസ്‌പെക്ടസ് പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതവേണം. ഹയര്‍ സെക്കന്‍ഡറി/തുല്യ പരീക്ഷ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ നാലു വിഷയങ്ങള്‍ക്കുംകൂടി 50 ശതമാനം മാര്‍ക്കുനേടി ജയിച്ചിരിക്കണമെന്നതാണ് വ്യവസ്ഥ. 2019-ല്‍ കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലാണ് രണ്ടുസീറ്റും സംവരണം ചെയ്തിരുന്നത്. അതിനാല്‍ ഈ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാന്‍ താത്പര്യമുള്ളവര്‍ തങ്ങളുടെ ദ്വീപിലെ ഭരണകൂടത്തിന്റെ ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെട്ടാണ് ദ്വീപിന്റെ ഭാഗത്തുള്ള നടപടിക്രമങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കേണ്ടത്. 2020-ലെ പ്രോസ്‌പെക്ടസ് വന്നിട്ടില്ല. വരുമ്പോള്‍ ഈ വര്‍ഷത്തെ വ്യവസ്ഥകള്‍ മനസ്സിലാക്കി വേണ്ടതുചെയ്യുക.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: ask expert, students from lakshadeep can study nursing in kerala